‘പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല; ആകാശത്ത് നിന്ന് എഫ്ഐആർ ഇടാനാകില്ല’; എ.കെ ബാലൻ

പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. ആകാശത്ത് നിന്നും എഫ്ഐആർ ഇടാനാകില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലൻ വിശദീകരിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടാൻ തുടക്കം മുതലേ തടസം ഉണ്ടായിരുന്നു വെന്നും കേസെടുക്കണമെങ്കില്‍ പരാതി വേണമെന്നും ബാലൻ പറഞ്ഞു.

സിനിമാ മേഖലയിൽ നിന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് കിട്ടിയിട്ടില്ല. മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ കേസെടുക്കാൻ കഴിയുകയുളളു. പുറത്ത് വിടാത്ത റിപ്പോർട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നു വെന്നും ബാലൻ വെളിപ്പെടുത്തി.

അതേസമയം, ഹേമ കമ്മിറ്റിക്കു മുന്‍പാകെ മൊഴി നല്‍കിയവര്‍ മുന്നോട്ടുവന്നാല്‍ പരാതി പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. നിയമരംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയില്‍ എന്തുചെയ്യണമെന്ന് ധാരണയുണ്ടാക്കും. കമ്മിറ്റി മുന്നോട്ടുവച്ച 24 നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *