കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സർക്കാർ നിശ്ചയിച്ച വാടകയ്‌ക്ക് മേപ്പാടി, വൈത്തിരി മേഖലയില്‍ വീട് കിട്ടാനില്ലാത്തതാണ് ദുരന്തബാധിതർക്ക് പ്രതിസന്ധിയാകുന്നത്. സർക്കാർ നിശ്ചയിച്ച 6000 രൂപയ്‌ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുൻകൂർ തുക ചോദിക്കുന്നതും വാടക വീടുകള്‍ കിട്ടാൻ പ്രതിസന്ധിയാകുന്നു.
സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്‌ക്ക് എന്നു മുതല്‍ മാറാം, മേപ്പാടി, വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുൻഗണന എങ്ങനെയാണ്, വാടക ഇനത്തില്‍ നല്‍കുന്ന 6000 രൂപ എത്ര കാലം സർക്കാർ നല്‍കും എന്നീ കാര്യങ്ങളിലും വ്യക്തത വരണം. 975 പേരാണ് നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നത്. 404 പേർ സ്വമേധയാ കണ്ടെത്തിയ വാടകവീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മടങ്ങി. ക്യാമ്പിൽ ഉള്ള ആളുകള്‍ക്ക് അനുസരിച്ച് വാടകവീട് കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ടി. സിദ്ധിഖ് എംഎല്‍എ പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല മുണ്ടക്കൈ പ്രദേശത്ത് കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കിയത് 16 കോടിയുടെ വായ്പയാണ്. രണ്ടായിരത്തോളം പേർക്കാണ് ഈ വായ്പകള്‍ നല്‍കിയത്. വായ്പയെടുത്ത മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. മറ്റു കണക്കുകള്‍ ശേഖരിച്ചുവരികയാണ്.