മെസിയല്ല, റൊണാള്‍ഡോയാണ് എന്റെ ഇഷ്ട താരം

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആരാധകനാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടി കഴിഞ്ഞ് പോകുമ്ബോള്‍ കുട്ടികള്‍ മാക്രോണിനോട് ഒരു ചോദ്യം ചോദിച്ചു. ലയണല്‍ മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ പ്രസിഡന്റിന്റെ ഇഷ്ട താരം എന്നതായിരുന്നു ചോദ്യം. സംശയം ഒന്നുമില്ലാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരാണ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രണ്ട് വര്‍ഷം ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടും ഇമാനുവല്‍ മാക്രോണ്‍ മെസിക്ക് പകരം റൊണാള്‍ഡോയുടെ പേര് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫ്രാൻസിനെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയിരുന്നു. ഇതിന്റെ നീരസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇവിടെ പ്രകടിപ്പിച്ചതെന്നാണ് ചില ആരാധകര്‍ പറയുന്നത്. പിഎസ്‌ജിയുടെ ആരാധകനായ ഇമാനുവല്‍ മാക്രോണ്‍ ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മൈതാനത്ത് ദു:ഖത്തോടെ ഇരുന്ന എംബാപ്പെയെ മാക്രോണ്‍ സമാശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാൻ ഒരുങ്ങിയ എംബാപ്പെയെ പിഎസ്‌ജിയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഫ്രഞ്ച് പ്രസിഡന്റ് വലിയ പങ്ക് വഹിച്ചിരുന്നു. ഇമാനുവല്‍ മാക്രോണും ഖത്തര്‍ അമീറും ചെലുത്തിയ സമ്മര്‍ദ്ദമാണ് അവസാന നിമിഷം തീരുമാനം പുന: പരിശോധിക്കാൻ എംബാപ്പെയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലിയൻ എംബാപ്പെയെ ഫ്രഞ്ച് ഫുട്ബോളിന്റെ മുഖമായി മാറ്റിയെടുക്കാൻ ഇത് വഴി സാധിക്കുമെന്ന കണക്കുകൂട്ടലാണ് മാക്രോണ്‍ അന്ന് വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *