അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച താരങ്ങളില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ സുനില്‍ ചേത്രി. സാഫ് ചാമ്ബ്യൻഷിപ്പില്‍ ഇന്നലെ കുവൈറ്റിനെതിരെ നടന്ന മത്സരത്തിലെ തകര്‍പ്പൻ ഗോളോടെ 92 ആം അന്താരാഷ്ട്ര ഗോളാണ് ചേത്രി സ്‌കോര്‍ ചെയ്തത്. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ് ചേത്രിയുടെ മുൻപിലുള്ളത്.
200 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 123 ഗോളുകളുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയില്‍ മുന്നില്‍. 149 മത്സരങ്ങളില്‍ നിന്ന് 109 ഗോളുകള്‍ സ്വന്തമാക്കിയ ഇറാന്റെ വിരമിച്ച താരം അലി ദേയിയാണ് രണ്ടാമത്. ഗോള്‍ വേട്ടയില്‍ ചേത്രിക്ക് തൊട്ടു മുന്നില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. 175 മത്സരങ്ങളില്‍ നിന്നാണ് മെസി 103 ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
2005ല്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച സുനില്‍ ചേത്രി, 140 മത്സരങ്ങളില്‍ നിന്നാണ് 92 ഗോളുകള്‍ അടിച്ചത്. 2023ലെ സാഫ് ചാമ്ബ്യൻഷിപ്പില്‍ ഇതുവരെ അരങ്ങേറിയ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും ചേത്രി ഗോള്‍ നേടിയിരുന്നു. ബ്ലൂ ടൈഗേഴ്സിനായി അവസാനമായി കളിച്ച് ഏഴ് മത്സരങ്ങളിലും ലക്ഷ്യം കാണാൻ ഇന്ത്യൻ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ വേട്ടയില്‍ മെസിയേക്കാള്‍ 11 ഗോളുകള്‍ക്ക് മാത്രം പിന്നിലാണ് 38കാരനായ ചേത്രി. സാഫ് ചാമ്ബ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിന്റെ റെക്കോര്‍ഡും കുവൈറ്റിനെതിരായ മത്സരത്തില്‍ സുനില്‍ ചേത്രി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഇതോടെ സാഫ് ചാമ്ബ്യൻഷിപ്പിലെ ചേത്രിയുടെ ആകെ ഗോള്‍ നേട്ടം 24 ആയി. മാലിദ്വീപിന്റെ അലി അഷ്‌ഫാഖിന്റെ 23 ഗോള്‍ എന്ന റെക്കോര്‍ഡാണ് ഇന്ത്യൻ നായകൻ ഇതോടെ പഴങ്കഥയാക്കിയത്