‘വിനേഷ് ഫോഗട്ടിന്റെ ഭാഗത്തു നിന്ന് നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല, പക്ഷേ…’: അപ്പീൽ തള്ളിയ സമ്പൂർണ വിധിപ്പകർപ്പ് പുറത്ത്

പാരിസ്: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജി രാജ്യാന്തര കായിക തർക്കപരിഹാര കോടതി തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. നിർദ്ദിഷ്ട പരിധിക്കുള്ളിൽ സ്വന്തം ഭാരം ക്രമീകരിക്കേണ്ടത് പ്രസ്‌തുത താരത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. അതേസമയം, രണ്ടാം ദിനത്തിലെ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന്റെ പരിണിതഫലങ്ങൾ ക്രൂരമാണെന്ന് കോടതി തുറന്നു പറഞ്ഞു. 24 പേജുള്ള വിധിന്യായമാണ് കോടതി പുറത്തുവിട്ടത്.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിനെ, ഫൈലിനു മുന്നോടിയായി നടത്തിയ ഭാരപരിശോധനയ്ക്കു പിന്നാലെയാണ് ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയത്. ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഉറപ്പിച്ച മെഡൽ നഷ്‌ടമായതിന്റെ നിരാശയിൽ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട്, പിന്നീട് സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ച് രാജ്യാന്തര കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 14ന് വിനേഷിന്റെ അപ്പീൽ തള്ളിയതായി അറിയിച്ചെങ്കിലും, വിശദമായ വിധി പുറത്തുവരുന്നത് ഇപ്പോഴാണ്.

വിധിയിലെ സുപ്രധാന നിരീക്ഷണങ്ങൾ

* വിനേഷ് ഫോഗട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്. മാത്രമല്ല, തന്റെ ശരീരഭാരം 50 കിലോഗ്രാമിനുള്ളിൽ നിലനിർത്തണമെന്ന് വിനേഷ് ഫോഗട്ടിന് വ്യക്തമായ അറിവുണ്ടായിരുന്നു.. നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരം, ഓരോ മത്സരാർഥിയും സ്വതന്ത്രമായ തീരുമാനപ്രകാരമാണ് മത്സരിക്കാനെത്തുന്നത്. അവർക്ക് ഇക്കാര്യത്തിൽ സ്വയം ഉത്തരവാദിത്തവുമുണ്ട്. ഭാരപരിധി തിരിച്ചുള്ള വിവിധ മത്സര വിഭാഗങ്ങളിൽ, ഔദ്യോഗിക ഭാരപരിശോധന പ്രകാരമുള്ള ഒറ്റ വിഭാഗത്തിൽ മാത്രമേ ഒരാൾക്കു മത്സരിക്കാനാകൂ.

* ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മുൻപും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അനുഭവ സമ്പത്തുള്ളയാളാണ് അപേക്ഷക (വിനേഷ് ഫോഗട്ട്).

* ഭാരപരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നുള്ളതിന് അപേക്ഷക എന്തെങ്കിലും തെളിവു ഹാജരാക്കിയിട്ടില്ല. മറ്റു തെളിവുകളും ഇതിനെതിരെ ഇല്ല.

* സോൾ ആർബിട്രേറ്ററിന് മെഡലുകൾ സമ്മാനിക്കാനുള്ള അധികാരമില്ല. അക്കാര്യത്തിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കാണ് അധികാരം. ഈ മത്സരയിനത്തിൽ വെള്ളി മെഡലും വെങ്കല മെഡലും സമ്മാനിച്ചു കഴിഞ്ഞു. രണ്ടാമതൊരു വെള്ളിമെഡൽ കൂടി നൽകാൻ നിയമപ്രകാരം നിർവാഹമില്ല. മത്സരം നടത്തി തീരുമാനിക്കുന്ന റാങ്കിങ് പ്രകാരമാണ് മെഡലുകൾ തീരുമാനിക്കുന്നതെന്നും മേൽപ്പറഞ്ഞ താരം ഇപ്രകാരം റാങ്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് ഒളിംപിക് കമ്മിറ്റി നൽകുന്ന വിശദീകരണം.

*രണ്ടാമത്തെ ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ ഫൈനലിൽ മത്സരിക്കുന്നതിനു മുൻപ് അയോഗ്യയാക്കപ്പെട്ട താരം, ആദ്യ മൂന്നു റൗണ്ടുകളിൽ ചട്ടപ്രകാരം തന്നെ മത്സരിച്ച് ജയിച്ച് 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്നതാണെന്ന് സോൾ ആർബിട്രേറ്റർ മനസ്സിലാക്കുന്നു. അപേക്ഷ (വിനേഷ് ഫോഗട്ടിന്റെ) ഇക്കാര്യത്തിൽ എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്തിട്ടില്ല.

* അപേക്ഷകയായ വിനേഷ് ഫോഗട്ടിന്റെ ഭാഗത്തു നിന്നുള്ള നിയമവിരുദ്ധമായ ശ്രമങ്ങളുടെ ഭാഗമല്ലാത്തതിനാൽ, അവരെ അയോഗ്യയാക്കിയ രണ്ടാമത്തെ ഭാരപരിശോധനയുടെ ഫലങ്ങൾ സോൾ ആർബ്രിട്രേറ്ററിന്റെ അഭിപ്രായത്തിൽ തികച്ചും ക്രൂരം തന്നെയാണ്.

* ഭാരപരിശോധനയുടെ കാര്യത്തിൽ നിയമം വളരെ സുവ്യക്ത‌മാണ് എന്നതും അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നതും ഒരു പ്രശ്‌നം തന്നെയാണ്. ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളും നിയമം അനുവദിക്കുന്നില്ല. ഉയർന്ന ഭാരപരിധി വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിൽ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽപ്പോലും വിട്ടുവീഴ്ച്ച അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ നിശ്ചിത ഭാരപരിധിക്കുള്ളിൽ സ്വന്തം ഭാരം ക്രമീകരിക്കേണ്ടത് താരത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നത് വ്യക്തമാണ്.

* ഫൈനലിനു യോഗ്യത നേടിയ ആദ്യ ദിവസത്തെ മത്സരഫലങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന്റെ പരിണിതഫലങ്ങൾ ഈ വിഭാഗത്തിലെ സ്വർണമെഡൽ മത്സരത്തിനു മാത്രം ബാധകമാകും വിധം ഒതുക്കുന്നത് കുറച്ചുകൂടി നീതിപൂർവകമായ തീരുമാനമാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *