കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’ എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍, ക്യാമ്പസ്, പാരലല്‍ വിഭാഗങ്ങളിലായാണ് മത്സരം. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ ഉദ്ഘാടനം ചെയ്യും.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ മുഖ്യഥിതി ആകും. നാളെ (വെള്ളിയാഴ്ച) വൈകിട്ട് 3.30ന് സമസ്ത ജില്ലാ ട്രഷറര്‍ തരുവണ അബ്ദുല്ല മുസ്ലിയാര്‍ പതാക ഉയര്‍ത്തും. രാത്രി നടക്കുന്ന ആത്മീയ സംഗമത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി പ്രഭാഷണം നടത്തും. തുടര്‍ന്ന്, ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സംഗമം നടക്കും. ശനിയാഴ്ച വൈകുന്നേരം 4നാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4ന് നടക്കുന്ന സമാപന ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന ഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്ലിയാര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഹദ് ഖുതുബി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് വാര്യാട്, തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.