വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സഹജീവികളെ ചേർത്തുനിർത്താനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനും വിവിധ പദ്ധതികളുമായി ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫോസ കർമ്മരംഗത്ത് . ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ പുനരധിവാസ പദ്ധതിയാണ് അതിൽ പ്രഥമ ഗണനീയ മായിട്ടുള്ളത്. ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതോടൊപ്പം ഫറൂഖ് കോളേജ് ക്യാമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ വിദ്യാഭ്യാസ താമസ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. കൂടാതെ ദുരിതബാധിതരുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തി യെടുക്കുന്നതിനായി ഏറ്റവും മികച്ച രീതിയിലുള്ള കൗൺസിലിംഗും മാനസിക പിന്തുണയും നൽകാനായി മേപ്പാടി കേന്ദ്രമായി ഒരു കൗൺസിലിംഗ് സെൻററും ഒരുക്കിയിട്ടുണ്ട്. ഇവിടെ വിവരശേഖരണത്തിനായും വിവിധ സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഒരു മുഴുവൻ സമയ ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് .
ഇതിൻ്റെ ഉദ്ഘാടനം അഡ്വ: ടി സിദ്ദീഖ് എംഎൽഎ നിർവഹിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന വിവിധ ഫോസ ചാപ്റ്ററുകളുടെ സഹായസഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഏകോപനം ഫോസ വയനാട് ജില്ലാ കമ്മിറ്റി നിർവഹിക്കും. ഫറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിനിധി സംഘം ഉരുൾപൊട്ടൽ ബാധിത പ്രദേശവും വിവിധ ദുരിതാശ്വാസക്യാമ്പുകളും സന്ദർശിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. കെ ആയിഷ സ്വപ്ന മുൻ പ്രിൻസിപ്പാളും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പ്രൊ: കുട്ട്യാലിക്കുട്ടി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി : ഡോ പി പി യൂസഫലി , ജോ: സെക്രട്ടറിമാരായ ഡോ: എ കെ അബ്ദുൽ റഹീം സി പി അബ്ദുൽസലാം തുടങ്ങിയവരാണ് സംഘാംഗങ്ങൾ. മന്ത്രിമാർ ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം തുടങ്ങിയവരെ സന്ദർശിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.