കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ട് ‘ ന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസത്തിനിടെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ 29 കേസുകളിലായി 30 പേരെ പിടികൂടി. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കമാണ് ഇത്രയും പേരെ പിടികൂടിയത്. വൈത്തിരി പോലീസ് വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
വൈത്തിരി, പൂക്കോട്, പറമ്പൂര്‍ വീട്ടില്‍ അജ്മല്‍ റിസ്വാന്‍(26), തൈലക്കുന്ന്, ഓടുമല കുണ്ടില്‍ വീട്ടില്‍ ഒ.എ. അഫ്‌സല്‍(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി സൂക്ഷിച്ച 6.28 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വൈത്തിരി നരിക്കോട് മുക്ക് എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിക്കുമ്പോഴാണ് പിടി വീഴുന്നത്.