കൽപറ്റ: ഓണത്തിന് 2 ആഴ്ച മാത്രം ബാക്കി നിൽക്കെ നേന്ത്രക്കായയുടെ വിലയിൽ ഉണ്ടായ ഇടിവ് കർഷകർക്ക് ഇരുട്ടടിയായി. ഒരാഴ്ച മുൻപു ക്വിൻ്റലിന് 5000 രൂപ എത്തിയിരുന്നു. ഒന്നു രണ്ടു ദിവസത്തിനു ശേഷം വില കുറഞ്ഞു 4000 രൂപയായി. തുടർന്ന് ഓരോ ദിവസം വില കുറഞ്ഞ് ഇപ്പോൾ 2500 രൂപയിലെത്തി. ഏറ്റവും വില ഉയരേണ്ട ഓണ സീസണിലെ വിലക്കുറവ് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഓണ സീസണിലേക്ക് കണക്കാക്കി കൃഷിയിറക്കുന്നവർ ഒട്ടേറെയുണ്ട്.
ഒരു കിലോക്ക് 30-35 രൂപയെങ്കിലും ലഭിച്ചാലെ കൃഷി നഷ്ടമില്ലാതിരിക്കൂ. കഴിഞ്ഞ വർഷം ഈ സമയത്ത് 4200 മുതൽ 4500 രൂപ വരെ ക്വിൻ്റലിന് ലഭിച്ചിരുന്നു. ആവശ്യക്കാർ കുറഞ്ഞതും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നു നേന്ത്രക്കായ വിപണിയിൽ ഇറങ്ങുന്നതുമാണു ഇപ്പോഴത്തെ വിലക്കുറവിന് കാരണമായി വ്യാപാരികൾ പറയുന്നത്. കാലവർഷത്തിലെ പ്രകൃതി ദുരന്തത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കിയതും നേന്ത്രക്കായ ഉൽപന്നങ്ങളുടെ വിപണിയെ ബാധിച്ചതായും വ്യാപാരികൾ പറയുന്നു. ഈ ഓണ സീസണിൽ വിളവെടുക്കുന്നവർക്ക് നഷ്ട കണക്കുകളായിരിക്കും പറയാനുള്ളത്.