തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന അസ്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായും ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി കുറയാൻ സാധ്യതയുണ്ട്. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഗഡ്നും മുകളില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഗഡ് വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
ഇതിന്‍റെ ഫലമായി കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 4 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കർണാടക തീരത്ത് നാളവരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത. കർണാടക തീരത്ത് 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.