മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല-അട്ടമല പ്രദേശങ്ങളിലെ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള നൂതന പദ്ധതികള്‍ തയ്യാറാക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. എസ് കൃപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംരംഭകരുടെ അറിയിച്ചു. പുനരധിവാസ ടൗണ്‍ ഷിപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ മേഖലയിലെ വികസനം ലക്ഷ്യമാക്കിയുള്ള ക്രാഫ്റ്റ് വില്ലേജ് മാതൃക, ദുരന്ത മേഖലയിലെ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണനയിലേക്ക് നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.
ജീവനോപാധി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണം, കുടുംബശ്രീ, ബാങ്ക്, കൃഷി, ക്ഷീരം, മൃഗസംരക്ഷണം, ജി.എസ്.ടി തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ ഏകോപനത്തിലൂടെ വിവിധ പദ്ധതികള്‍ പരിഗണനയിലാണ്. ദുരന്ത മേഖലയിലെ കൂടുതല്‍ ആളുകളെ സംരംഭകത്വത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ ആര്‍ രമ യോഗത്തില്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പരിശീലനം നല്‍കുമെന്നും അറിയിച്ചു. മേഖലയിലുള്ളവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ കുടുംബങ്ങളുടെ വിവരശേഖരണം നടത്തുന്നതായി ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു.
അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതായും ബാങ്കുകളുടെ ഭാഗത്ത് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്നും യോഗത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അടങ്ങിയ 84 യൂണിറ്റുകളാണ് നഷ്ടമായത്. കെട്ടിടം ഒഴികെയുള്ള നാശനഷ്ടത്തില്‍ 12.36 കോടിയുടെ നഷ്ട്വും കണക്കാക്കിയിട്ടുണ്ട്. മേഖലയില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വായ്പകളില്‍ പൂര്‍ണ ഇളവ് നല്‍കി മേഖലക്ക് ആവശ്യമായ പദ്ധതികള്‍ ലളിതവത്ക്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവില്‍ ചെറുകിട സംരംഭകരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടിയും പുതിയ സംരംഭങ്ങള്‍ക്ക് സാധ്യതകളും ഉണ്ടാകണമെന്ന് കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍ അറിയിച്ചു. വ്യവസായ വകുപ്പുമായി സഹകരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിലും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് പഠന സഹായം ഉറപ്പാക്കുമെന്ന് കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് സുരേഷ് അറിയിച്ചു. മുട്ടില്‍ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, സംരംഭകര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.