ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു

വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓപ്പറേറ്റര്‍മാര്‍ ജില്ലയില്‍ എത്തിയത്. ജില്ലയിലെത്തുന്ന വിനോദസഞ്ചാരകള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഡി.ടി.പി.സി നിര്‍വാഹക സമിതി അറിയിച്ചു.

വയനാട് സുരക്ഷിതം എന്ന സന്ദേശവുമായി വിപുലമായ പ്രചരണ പരിപാടികള്‍ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്നുണ്ട്. കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജീഷ്, നിര്‍വാഹക സമിതി അംഗം വിജയന്‍ ചെറുകര, കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ആസിഫ് പത്തൂര്‍, എം.വി രഞ്ജിത്ത്, അയ്യപ്പന്‍ കുട്ടി, ബൈജു തോമസ്, ടി.ജെ മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.

പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഉപദേശക സമിതി അംഗങ്ങള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 519 കുട്ടികള്‍ക്കാണ് പഠന കിറ്റുകള്‍ വിതരണം ചെയ്തത്. സമിതി അംഗങ്ങളായ കെ സുഗതന്‍, ടി മണി, ഗിരീഷ് കല്‍പ്പറ്റ, ഒ പി ചന്ദ്രമോഹനന്‍, സി.എം അഹമ്മദ്, സി.പി മുഹമ്മദാലി, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ്, ജൂനിയര്‍ ക്ലര്‍ക്ക് അഭയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷൻ

മേപ്പാടി ഗവ.പോളിടെക്‌നിക് ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്തംബര്‍ 12 ന് രാവിലെ 11 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി അപേക്ഷ നല്‍കുന്നവര്‍ക്കും പങ്കെടുക്കാം. ബ്രാഞ്ച് മാറ്റം, കോളേജ് മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

രാവിലെ 9.30 മുതല്‍ 11 വരെ മേപ്പാടി പോളിടെക്‌നിക്കില്‍ ഹാജരായി സ്‌പോട്ട് അഡ്മിഷന് വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് , ഫീസ് ആനുകൂല്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ അപേക്ഷകര്‍ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ കോഷന്‍ ഡിപ്പോസിറ്റായി 1000 രൂപയും അല്ലാത്തവര്‍ കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ 4105 രൂപയും ഓഫീസില്‍ അടയ്ക്കണം. ഫോണ്‍ 9400525435, 7012319448, 04936 282095

ശുചീകരണ തൊഴിലാളികളുടെ സര്‍വ്വെ നടത്തുന്നു

ജില്ലയില്‍ ശുചീകരണ തൊഴിലാളികളുടെ (മാനുവല്‍ സ്‌കാവഞ്ചേഴ്സ്) വിവര ശേഖരണത്തിന് സര്‍വ്വെ നടത്തുന്നു. തദ്ദേശഭരണ സ്ഥാപനതലത്തിലെ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 11) മുതല്‍ 13 വരെയാണ് സര്‍വ്വെ നടക്കുന്നത്. തൊഴിലാളികള്‍ക്ക് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍വ്വെയില്‍ പങ്കെടുക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എച്ച്.ഡി അല്ലെങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 13 ന് രാവിലെ 9.30 ന് കേളെജില്‍ എത്തണം. ഫോണ്‍- 04935 257321

വിവരശേഖരണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് പ്രവൃത്തിയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വ്വെ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 260423

ലാബ് അസിസ്റ്റന്റ് നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍.എം.എസ്.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രോജക്ടിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഹൈടെക് സോയില്‍ ലാബില്‍ കൂടിക്കാഴ്ച നടക്കും. മണ്ണ് പരിശോധന ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

കോണ്‍ഫിഡന്‍ഷല്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളിലുണ്ടാകുന്ന കോണ്‍ഫിഡന്‍ഷല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനായുള്ള പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍ നിന്നും സമാന തസ്തികയില്‍ നിന്നും വിരമിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. [email protected] എന്ന ഇ മെയില്‍ വിലാസത്തിലും അപേക്ഷ സ്വീകരിക്കും. സെപ്തംബര്‍ 18 വൈകീട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04936 202277

മാലിന്യ മുക്തം നവകേരളം ജില്ലാതല നിര്‍വ്വഹണ സമിതി യോഗം ചേര്‍ന്നു

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന് മുന്നോടിയായി ജില്ലാതല നിര്‍വ്വഹണ സമിതി യോഗം ചേര്‍ന്നു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമാവുന്ന ക്യാമ്പെയിന്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കും. മലിനമായ നീര്‍ച്ചാലുകള്‍, പുഴകള്‍, കുളങ്ങള്‍, ജലസ്രോതസ്സുകളുടെ നവീകരണം, മാലിന്യ കൂനകള്‍ നീക്കം ചെയ്ത് പൂന്തോട്ട നിര്‍മ്മാണം, ചുമര്‍ ചിത്രങ്ങള്‍ എന്നിവ ഒരുക്കും. ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണം, ഹരിത അയല്‍ക്കൂട്ടങ്ങള്‍ക്ക് തുടക്കം കുറിക്കല്‍, ജൈവ മാലിന്യ സംസ്‌കരണ പൊതു സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, പ്രവര്‍ത്തനോദ്ഘാടനം, ഹരിത ഓഫീസ്, ഹരിത ക്യാമ്പസ്, ഹരിത വിദ്യാലയം തുടങ്ങിയ പരിപാടികളും ക്യാമ്പെയിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഒക്ടോബര്‍ 2 ന് മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട് -കൊല്ലഗല്‍ നാഷണല്‍ ഹൈവേ 766 റോഡ് വശം ശുചീകരണം നടത്തി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി നിര്‍വഹണ സമിതി രൂപീകരിച്ചും. തദ്ദേശ സ്ഥാപന വാര്‍ഡ് തലങ്ങളില്‍ നിര്‍വഹണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സമിതികള്‍ ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പൊതുജനങ്ങള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സര്‍വ്വീസ്-യുവജന സംഘടനകള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, വായനശാലകള്‍, ക്ലബ്, പ്രാദേശിക കൂട്ടായ്മകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമുദായിക-മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ ദേവകി അധ്യക്ഷയായ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍, നവകേരളം കര്‍മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *