കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ. ജാഫർ അലി, തെക്കത്ത് വീട്ടിൽ ടി. ഫിറോസ്, പാളിയാൽ വീട്ടിൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ വീട്ടിൽ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടിൽ ടി.കെ സജീബ്, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷ്വദീപ് കടമത്ത് ദ്വീപ് സ്വദേശി അലിഫ് ജലീൽ എന്നിവരെയാണ് ഇന്ന് കൽപ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ ജില്ലാ പോലീസ് ആദരിച്ചത്.
2016 ൽ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ചലന ശേഷി നഷ്ടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ നാലു വർഷങ്ങളായി സൗജന്യമായി ചികിത്സ നടത്തി വരുന്ന ‘ആയുർവേദ യോഗവില്ല’ ആശുപത്രി എം.ഡിയായ അജയകുമാർ പൂവത്ത്കുന്നേലിനെയും മാതൃകാപരമായ സേവനത്തിനുള്ള ആദരവ് നൽകി. ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ് ഗോയൽ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഷാജി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുൾകരീം എൻ-സെൽ ഡി.വൈ.എസ്.പി എൻ.കെ ഭരതൻ, തുടങ്ങിയവർ സംസാരിച്ചു. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ.മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.