തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചില്‍ സഹകരിക്കാതെ ജീവനക്കാർ. മൊത്തം സർക്കാർ ജീവനക്കാരില്‍ പകുതിയോളം പേരും സാലറി ചലഞ്ചില്‍ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരില്‍ പങ്കെടുത്തത് 52% പേർ മാത്രമാണ്. ഈ മാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നല്‍കാനുള്ള അവസരം.
കഴിഞ്ഞ തവണത്തെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പല സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാർ ഫണ്ടില്‍ തുക നല്‍കുന്നതിന് വിമുഖത കാണിച്ചത്. അതേസമയം, പങ്കെടുത്ത ജീവനക്കാരില്‍ ഏറെപേരും ലീവ് സറണ്ടറില്‍ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നല്‍കിയത്. ലീവ് സറണ്ടർ നല്‍കുന്നതില്‍ സർക്കാർ കാലതാമസം വരുത്തുന്നു എന്ന പരാതിയും രൂക്ഷമാണ്.