കൽപ്പറ്റ: ഓണക്കാലത്ത് കൂടുതൽ മധുരം പകരുന്നതിനായി ‘മറയൂർ മധുരം’ ശർക്കര വിപണനത്തിനായി കൽപ്പറ്റയിൽ എത്തി. സിവിൽ സ്റ്റേഷനിൽ ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനവും ആദ്യവില്പനയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ പ്രമോദ് ജി,സി എം ഡി ജില്ലാ കോർഡിനേറ്റർ ദിലീപ് പി സി,ഫല്ലുള്ള വി കെ,ഹുസൈനാർ സൂഫി വീരാജ്പേട്ട, ഷമീം വെട്ടൻ,ലികേഷ് കെ തുടങ്ങിയവർ പ്രസംഗിച്ചു.
നിരവധി ആളുകളാണ് ശർക്കര വാങ്ങാനെത്തുന്നത്. കേരളത്തിലെ പട്ടികവർഗ ജനവിഭാഗത്തിൻ്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പരമ്പരാഗത തൊഴിൽ ശാ ക്തീകരണ പദ്ധതിയായ ‘സഹ്യ കിരൺ’ വഴി കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പ് മുഖേനയാണ് “മറയൂർ മധുരം’ ശർക്കര ഉൽപ്പാദിപ്പിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റാണ് പദ്ധതി തയ്യാറാക്കിയത്. മറയൂർ- കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് നിർവഹണ പ്രവർത്തനങ്ങൾ നടപ്പാക്കി തുടർസഹായങ്ങൾ ചെയ്തു പോരുന്നു.