കൽപ്പറ്റ: സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല നഗറില്‍ ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണാഘോഷ ദിനങ്ങളില്‍ ആദിവാസി മേഖലകളില്‍ പണ്ടുണ്ടായിരുന്ന പ്രതിസന്ധി ഇന്നുണ്ടാകാന്‍ പാടില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഓണക്കിറ്റിന് പുറമേ വയോധികര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്‍കുന്നത്. ഗോത്ര വിഭാഗക്കാരോട് സര്‍ക്കാരിനുള്ള കരുതലിന്റെ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
പ്ലാമൂല നഗറിലെ 73 വയസ്സുള്ള പൊന്തന്‍, കാളി, യോഗി, നെല്ലി, സോമന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് മന്ത്രി 1000 രൂപ കൈമാറി. ബാങ്കുകളില്‍ എത്തി 1000 രൂപ പിന്‍വലിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് നഗറില്‍ പ്രത്യേക സൗകര്യം ഒരുക്കി വിതരണം ചെയ്യുന്നത്. 60 വയസ്സ് പൂര്‍ത്തിയായ മുഴുവനാളുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വഴി ഓണസമ്മാനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാനത്തെ 55506 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1000 രൂപ വീതം സഹായം നല്‍കുന്നത്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ ഐടിഡിപിക്കു കീഴില്‍ 4104 പേര്‍ക്കും സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ 6044 പേര്‍ക്കും മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ കീഴില്‍ 6070 പേര്‍ക്കുമാണ് ഓണസമ്മാനം ലഭിക്കുക.
പരിപാടിയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബേബി മാസ്റ്റര്‍, വെള്ളമുണ്ട പഞ്ചായത്ത് അംഗം പി.ജെ തോമസ്, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം കെ രാമചന്ദ്രന്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ് എന്നിവര്‍ സംസാരിച്ചു.