വൈത്തിരി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കുടലിറക്കത്തിന് ചികിത്സ തേടിയ 45 കാരിയുടെ വയറിന്റെ പേശികൾക്കിടയിൽ നിന്ന് അപൂർവ്വ ഇനത്തിൽപെട്ട വിരകളെ പുറത്തെടുത്തു. ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അബ്ദുറഹീം കപൂറിന്റെ നേതൃത്വത്തിൽ 22 സി എം നീളത്തിലുള്ള വിരകളെയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
വയറുവേദനയും പൊക്കിളിന് ചുറ്റും വീക്കവും ചൊറിച്ചിലും കാരണമാണ് രോഗി ചികിത്സ തേടിയത്. വളരെ അപൂർവമായി മാത്രമാണ് ഇത്ര നീളത്തിലുള്ള വിരകളെ പേശികൾക്കിടയിൽ കാണാറുള്ളതെന്ന് ഡോ. അബ്ദുറഹീം കപൂർ പറഞ്ഞു. രോഗി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. അതി നൂതന സൗകര്യങ്ങളും സേവനങ്ങളുമായി വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി വികസനത്തിന്റെ പാതയിലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു.