ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ ഏകെജി ഭവനിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയും കഴിഞ്ഞാകും യെച്ചൂരിയുടെ ഭൗതിക ശരീരം ഡൽഹി എയിംസിന് കൈമാറുക. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് അന്ത്യകർമ്മങ്ങളൊന്നുമില്ലാതെ മൃതദേഹം പഠന ഗവേഷണ ആവശ്യങ്ങൾക്കായി എയിംസിന് വിട്ടുനൽകുന്നത്.
ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് വസതിയിൽ നിന്നും യെച്ചൂരിയുടെ ഭൗതികശരീരം എകെജി ഭവനിലേക്ക് എത്തിക്കുക. തുടർന്ന് രാഷ്ട്രീയ നേതാക്കൾക്കും പൊതുജനങ്ങൾക്കും ആദരാഞ്ജലികൾ ആർപ്പിക്കാൻ അവസരം നൽകും. ഉച്ചയോടെ ഏകെജി ഭവനിൽ നിന്ന് പതിനാല് അശോക് റോഡ് വരെ വിലാപ യാത്രയായി കൊണ്ടുപോകുന്ന മൃതദേഹം വൈകീട്ട് അഞ്ച് മണിയോടെ എംയിസിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി.
മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് ഒളിവിലായിരുന്ന അദ്ദേഹം 1975-ല്‍ അറസ്റ്റിലായി. തുടർന്നങ്ങോട്ട് വളർച്ചയുടെ പടവുകളായിരുന്നു. 1978-ല്‍ എസ്എഫ്ഐ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി.
1984-ല്‍ തന്റെ 32ാം വയസ്സിൽ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായി. തുടർന്ന് 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. അങ്ങനെ വളർച്ചയുടെ പടവുകൾ താണ്ടിയ അദ്ദേഹം മരിക്കുമ്പോൾ സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു.