നിറപുഞ്ചിരിയോടെ ആയിഷയും വാടക വീട്ടിലേക്ക് മടങ്ങി

മേപ്പാടി: 14 ദിവസത്തെ ഐസിയു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായി നീണ്ട 46 ദിവസത്തെ ചികിത്സക്ക് ശേഷം ആയിഷ എന്ന 69 കാരിക്ക് ഇതൊരു പുനർജൻമം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആയിഷ കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിൽ കുടുംബത്തിൽ ഉണ്ടായിരുന്ന 9 ആളുകളെ ആയിഷയ്ക്ക് നഷ്ട്ടമായി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആയിഷയെ ആദ്യ ദിവസം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിന്നു.13 വാരിയെല്ലുകൾ പൊട്ടിയതും അതുമൂലം ശ്വാസകോശത്തിനുണ്ടായ പരിക്കും അന്നനാളത്തിനുണ്ടായ ദ്വാരവും വലത് കയ്യിന്റെ പൊട്ടലും കാര്യങ്ങൾ കൂടുതൽ വഷളാക്കി.

ജനറൽ സർജറി, അസ്ഥിരോഗം, ഇ എൻ ടി, അനസ്‌തെഷ്യ, ശ്വാസകോശരോഗം തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ആയിഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആദ്യഘട്ടത്തിൽ പല തവണ അവസ്ഥ മോശമായെങ്കിലും പതുക്കെ മരുന്നുകളോട് പ്രതികരിച്ച് സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ ആയിഷയെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കി. ഡീൻ ഡോ. ഗോപകുമാരൻ കർത്ത ആയിഷയ്ക്ക് പൂച്ചെണ്ട് നൽകി. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. പ്രഭു ഇ, അസോസിയേറ്റ് പ്രൊഫസർ ഡോ. ഡിനോ എം ജോയ്, ജനറൽ സർജറി വിഭാഗം മേധാവി ഡോ. വിനോദ് പ്രേം സിംഗ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. അശ്വതി കനി, ഡിജിഎമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവരും യാത്രയയപ്പിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *