തിരുവനന്തപുരം: കാലിക്കറ്റ് ഉയർത്തിയ 214 റണ്‍സെന്ന വമ്പൻ വിജയലക്ഷ്യത്തിനും കൊല്ലത്തെ തടയാനായില്ല. ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ ഗ്ലോബ്സ്റ്റാർസിനെ തകർത്ത് കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം. 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 105 റൺസുമായി പുറത്താകാതെനിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം.
സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ആറിന് 213 റൺസ്. കൊല്ലം 19.1 ഓവറിൽ നാലിന് 214. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കലാശപ്പോരിൽ കൊല്ലം സ്വന്തമാക്കിയത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു. കൊല്ലത്തിന്റെ മറുപടി ബാറ്റിങ്ങിൽ സ്കോർ 29 ൽ നിൽക്കെ അരുൺ പൗലോസിനെ അഖിൽ ദേവ് പുറത്താക്കി. ഓപ്പണര്‍ അഭിഷേക് നായർ 16 പന്തിൽ 25 റൺസെടുത്തു മടങ്ങി. വത്സൽ ഗോവിന്ദിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി നടത്തിയ രക്ഷാപ്രവർത്തനം കൊല്ലം സ്കോർ ഉയർത്തി. 27 പന്തിൽ 45 റൺസെടുത്ത വത്സൽ ഗോവിന്ദിനെ അഖിൽ സ്കറിയയുടെ പന്തിൽ രോഹന്‍ കുന്നുമ്മൽ ക്യാച്ചെടുത്തു പുറത്താക്കി.
പിന്നാലെയെത്തിയ ഷറഫുദ്ദീനും (രണ്ട് റൺസ്) അതിവേഗം മടങ്ങിയത് കാലിക്കറ്റിനു പ്രതീക്ഷ നൽകിയെങ്കിലും സച്ചിൻ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ് കൊല്ലത്തിനു രക്ഷയായി. അവസാന 12 പന്തിൽ 15 റൺസായിരുന്നു കൊല്ലത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. അഖിൽ സ്കറിയ എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തി രാഹുൽ ശർമ കൊല്ലത്തിന്റെ വിജയപ്രതീക്ഷ നിലനിർത്തി. ഇതേ ഓവറിൽ സച്ചിൻ ബേബി സെഞ്ചറിയിലെത്തി. അവസാന ആറു പന്തുകളിൽ അഞ്ച് റൺസ് മാത്രമായിരുന്നു കൊല്ലത്തിന് ആവശ്യം. 20–ാം ഓവറിലെ ആദ്യ പന്ത് വൈഡ് പോയപ്പോൾ, അടുത്ത പന്ത് ബൗണ്ടറി കടത്തിയ സച്ചിൻ ബേബി കൊല്ലത്തിന്റെ വിജയമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന്റെ ലക്ഷ്യം പരമാവധി റൺസ് അടിച്ചെടുക്കുക എന്നതു മാത്രമായിരുന്നു. എത്ര വലിയ സ്കോറും പിന്തുടരാൻ ശേഷിയുള്ള ഏരീസ് കൊല്ലം സെയ്‍ലേഴ്സിനെതിരെ തുടക്കം മുതൽ അടിച്ചുതകർക്കാനായിരുന്നു കാലിക്കറ്റിന്റെ ശ്രമം. പത്ത് റൺസെടുത്ത ഓപ്പണർ ഒമർ അബൂബക്കറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്നതോടെ കാലിക്കറ്റ് സ്കോർ കുതിച്ചുയർന്നു. 26 പന്തുകൾ നേരിട്ട രോഹൻ 51 റൺസെടുത്തു പുറത്തായി.
30 പന്തുകളിൽനിന്ന് അഖിൽ നേടിയത് 50 റൺസ്. രോഹന്റെ പുറത്താകലിനു പിന്നാലെയെത്തിയ എം. അജിനാസും അർധസെഞ്ചറി തികച്ചു. 24 പന്തിൽ താരം അടിച്ചെടുത്തത് 56 റൺസ്. നാലു സിക്സുകളാണ് അജിനാസ് ബൗണ്ടറി കടത്തിയത്. സൽമാൻ നിസാർ 24 റൺസെടുത്തു പുറത്തായി. ഏഴു പന്തിൽ 13 റൺസുമായി പള്ളം അൻഫൽ പുറത്താകാതെനിന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കാലിക്കറ്റ് നേടിയത് 213 റൺസായിരുന്നു. കൊല്ലത്തിനായി സുദേശൻ മിഥുൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. പവന്‍ രാജും ബേസിൽ എൻപിയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.