ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 48 ഓവറിൽ ആറിന് 176 റൺസെന്ന നിലയിലാണ് ഇന്ത്യ. രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 21), രവീന്ദ്ര ജഡേജ (17 പന്തിൽ ഏഴ്) എന്നിവരാണു ക്രീസിൽ. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായത്. 118 പന്തുകൾ നേരിട്ട ജയ്സ്വാൾ 56 റൺസെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തിൽ ഷദ്മൻ ഇസ്‍ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്.
ഋഷഭ് പന്ത് (52 പന്തിൽ 39), കെ.എൽ. രാഹുൽ (52 പന്തിൽ 16), രോഹിത് ശർമ (ആറ്), വിരാട് കോലി (ആറ്), ശുഭ്മൻ ഗില്‍ (പൂജ്യം) എന്നിവരാണ് വ്യാഴാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. 9.2 ഓവറിൽ 34 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോലി (ആറു പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്കു നഷ്ടമായത്. പേസർ ഹസൻ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും.
മഹ്മൂദ് എറിഞ്ഞ ആറാം ഓവറിൽ രോഹിത് ശർമയെ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്തു പുറത്താക്കി. എട്ടു പന്തുകൾ നേരിട്ട ശുഭ്മന്‍ റണ്ണെടുക്കും മുൻപേ മടങ്ങി. സ്കോർ 28ൽ നിൽക്കെ വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ് ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്. പിന്നാലെയിറങ്ങിയ വിരാട് കോലിയും അധികം വൈകാതെ ഗ്രൗണ്ട് വിട്ടു. 10–ാം ഓവറിൽ ലിറ്റൻ ദാസ് ക്യാച്ചെടുത്തായിരുന്നു കോലിയുടേയും മടക്കം. യശസ്വി ജയ്സ്വാളും ഋഷഭ് പന്തും കൈകോർത്തതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഋഷഭ് പന്തിനെ ലിറ്റൻ ദാസിന്റെ കൈകളിലെത്തിച്ച് ഹസൻ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയർത്തി. സ്കോർ 144 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസ് രാഹുലിനെ പുറത്താക്കി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ്. ബംഗ്ലദേശ് പ്ലേയിങ് ഇലവൻ– ഷദ്മൻ ഇസ്‍ലാം, സാക്കിർ ഹസൻ, നജ്മുൽ ഹുസെയ്ൻ ഷന്റോ (ക്യാപ്റ്റൻ), മൊമിനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൻ ദാസ് (വിക്കറ്റ് കീപ്പർ), മെഹ്ദി ഹസൻ മിറാസ്, ഹസൻ മഹ്മൂദ്, നഹീദ് റാണ, ടസ്കിന്‍ അഹമ്മദ്.