പുളിഞ്ഞാൽ: വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുവാൻ വേണ്ടി എസ്. പി. സി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ നടക്കുന്ന മൂന്ന് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഐ.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ഉഷാ കുമാരി, എസ്. ഐ വിനോദ് ജോസഫ്, മിഥുൻ ഡി.ഐ, ഗീത കെ, ശബാന റഹീം തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുവാൻ എസ്. പി. സി പരിശീലനത്തിലൂടെ സാധിക്കുമെന്ന് ജുനൈദ് പറഞ്ഞു. സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുവാനുള്ള കൂട്ടായ ഇടപെടൽ അഭിനന്ദനാർഹമാണെന്നും ജുനൈദ് പറഞ്ഞു.