ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന്
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നാളെ ( സെപ്റ്റംബര്‍ 20) രാവിലെ 10.30 കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ നടക്കും.
ജില്ലാ വികസന സമിതി യോഗം 28 ന്
ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം 23 ന്
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം സെപ്റ്റംബര്‍ 23 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ത്രിദിന ക്യാമ്പ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജി.വി.എച്ച്.എ.എസ്.എസില്‍ ആരംഭിച്ച ത്രിദിന ക്യാമ്പ് കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. 18 ന് ആരംഭിച്ച ക്യാമ്പ് നാളെ (സെപ്റ്റംബര്‍ 20) സമാപിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഫീല്‍ഡ് വിസിറ്റ്, ഓപ്പണ്‍ ഫോറം, ചര്‍ച്ച എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പ്രധാനധ്യാപിക എം സല്‍മ, പി.ടി.എ വൈസ് പ്രസിഡന്റ് പി. സലാം, എം.പി.ടി.എ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, ഫാരിജ, ഇ. ലേഖ എന്നിവര്‍ സംസാരിച്ചു.
ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതി: റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു
ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ കല്‍പ്പറ്റ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്കിലെ 1072 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.68 കോടി രൂപയുടെ ആര്‍.എഫാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സി.പി പ്രദീപന്‍ അധ്യക്ഷനായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, അസിസറ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എം സലീന, കെ. അമീന്‍, ഡി.പി.എം പി.കെ സുഹൈല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ നിഷ രാമചന്ദ്രന്‍, പി നജ്മുന്നീസ, ബിനി പ്രഭാകരന്‍, ജിഷ ശിവ രാമന്‍, ബീന മാത്യൂ, ഡി.പി.എം വി. ജയേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.യു സജിന, ആസ്പിരേഷന്‍ ബ്ലോക്ക് ഫെലോ ഡെല്‍ന ജോണ്‍ എന്നിവര്‍ സംസാരിച്ചു.
കരട് പട്ടിക പ്രസിദ്ധീകരിച്ചു
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ള ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമ പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവര്‍ ലിസ്റ്റ് പരിശോധിച്ച് 7 ദിവസത്തിനകം രേഖാമൂലം പഞ്ചായത്തില്‍ പരാതി ബോധിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
‘സമന്വയം’ക്യാമ്പയിന് തുടക്കം 627 ന്യൂനപക്ഷ യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു
സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു
‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളും നൈപുണി വികസനം ലക്ഷ്യംവച്ചുള്ള ‘സമന്വയം’പദ്ധതിക്ക് തുടക്കമായി. തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ‘സമന്വയം’ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനുമായി കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സമന്വയം. ക്യാമ്പില്‍ 627 ന്യൂനപക്ഷ യുവജനങ്ങള്‍ പങ്കാളികളായി. ജോലിയില്‍ തുടരുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിലെ സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നും ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. വലിയ ഒരു ദുരന്തത്തിന് ശേഷം അതിജീവനത്തിൻ്റെ പാതയിൽ മുന്നേറുന്ന വയനാടിന് കൈത്താങ്ങായി സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഒന്നിച്ച് ചേര്‍ക്കാനായത് നാം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി സംരക്ഷിക്കുവാനും മറ്റു സമുദായത്തോടൊപ്പം അവരെ കൈപിടിച്ചുയര്‍ത്തുവാനും ശ്രമിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലുടെ ലക്ഷ്യം വയ്ക്കുന്നത്.
വയനാട്ടില്‍ തുടക്കം കുറിച്ച ക്യാമ്പയിൻ 2024 ഡിസംബര്‍ മാസത്തോടെ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗക്കാരെ തൊഴിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നല്‍കുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു.
ശ്രദ്ധേയമായി ‘സമന്വയം’: രജിസ്റ്റര്‍ ചെയ്തത് 627 ഉദ്യോഗാര്‍ത്ഥികളൾ
ജില്ലയിലെ ന്യൂനപക്ഷ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി ‘സമന്വയം’ തൊഴില്‍ – നൈപുണി രജിസ്ട്രേഷന്‍ ക്യാമ്പ്. രാവിലെ മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ ക്യാമ്പയിനിൽ മുസ്ലിം, കൃസ്ത്യന്‍, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട 627 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് മുഖേനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങിയ തൊഴില്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. സൂക്ഷ്മ ന്യൂനപക്ഷമായ ജൈന വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്.
മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മുന്നൂറിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്താനാകും. രജിസ്റ്റര്‍ ചെയ്തവരെ പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കും. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ തൊഴിലുകളിലേക്ക് എത്തിക്കും. സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. തൊഴില്‍ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ തുടര്‍നടപടികളും സഹായവും പിന്തുണയും നോളജ് മിഷന്‍ ഉറപ്പാക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടല്‍, ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ജോലിക്ക് അപേക്ഷിച്ച ശേഷമുള്ള തുടര്‍നടപടികള്‍, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച് നോളജ് എക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രജിത്ത്,നോളജ് എക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍ എന്നിവര്‍ ക്ലാസെടുത്തു.
കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ. സൈഫുദ്ധീന്‍ ഹാജി, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യം, ജില്ലാ കോഡിനേറ്റര്‍ യൂസഫ് ചെമ്പന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ.ഒ അഹമ്മദ്കുട്ടി ബാഖവി, കെ.എന്‍.എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കാലിക്കറ്റ് രൂപത ലാറ്റിന്‍ കെ.എല്‍.സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കാദര്‍ പട്ടാമ്പി, ജയ്ന്‍ വയനാട് സമാജം ഡയറക്ടര്‍ രാജേഷ്, പ്രസിഡണ്ട് നേമി രാജ്, കെ.കെ മുഹമ്മദലി ഫൈസി, ഐ.പി.എഫ് ഡയറക്ടര്‍ ഡോ. ഇര്‍ഷാദ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി, കെ.കെ.ഇ.എം സ്റ്റേറ്റ് നോഡല്‍ഓഫീസര്‍ (മൈനോരിറ്റി ഡയറക്ടറേറ്റ് ഓഫ് വെല്‍ഫെയര്‍) സനീഷ് കുമാര്‍, ജൈന സമാജം ഡയറക്ടര്‍ മഹേന്ദ്രകുമാര്‍, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെല്‍ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് എഞ്ചിനീയറിങ്ങ് കോളേജില്‍ ഇലക്ട്രേണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസറെ താല്‍ക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി, അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 9.30 ന് എഞ്ചിനീയറിങ്ങ് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ 04935 257321.
ഡോക്ടര്‍ നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി യിലേയ്ക്ക് ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങക്ക് ഓഫീസുമായി ബന്ധപെടാം. ഫോണ്‍-04936 294370.
താല്‍ക്കാലിക നിയമനം
തലപ്പുഴ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എം ടെക് ബിരുദം (പി. എച്ച്. ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്തംബര്‍ 24 ന് രാവിലെ 09.30 ന് ഓഫീസില്‍ എത്തണം. ഫോണ്‍-04935 257321.
തിയതി നീട്ടി
കണ്ണൂര്‍ സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി സെപ്തംബര്‍ 30 വരെ നീട്ടി. സര്‍ക്കാര്‍ സര്‍വ്വീസിലോ പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലോ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍/ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസം, പബ്ലിക്ക് റിലേഷന്‍സില്‍ ഡിപ്ലോമ, മാധ്യമ രംഗത്തെ 3 വര്‍ഷത്തെ പ്രവര്‍ത്തി പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. ഫോണ്‍ 04972715331*.*ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു*കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ലിസ്റ്റ് പരിശോധിച്ചു ഏഴ് ദിവസത്തിനകം രേഖാമൂലം പഞ്ചായത്തില്‍ പരാതി ബോധിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04936 286693.
സ്‌പോട്ട് അഡ്മിഷൻ
ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-04936 220147, 9946153609, 9656061030.
സൗജന്യ പരിശീലനം
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 24 ന് ആരംഭിക്കുന്ന ആറു ദിവസത്തെ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് 18നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 8078711040, 8590762300.
ഓണക്കാല ക്യാമ്പ് ആരംഭിച്ചു
കല്‍പറ്റ ജി.വി.എച്ച്.എസ് എസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ ഷിബു കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ ഹെഡ്മിസ്ട്രസ് എം സല്‍മ, പ്രിന്‍സിപ്പാള്‍ പി.ടി.സജീവന്‍, പി.ടി.എ. വൈസ്പ്രസിഡന്റ് പി സലാം, എം.പി.ടിഎ പ്രസിഡന്റ് സാജിത, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ. അര്‍ഷാദ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍ ഫാരിജ, എ.സി.പി.ഒ ലേഖ ഇ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഓപ്പണ്‍ ഫോറം, ചര്‍ച്ച, ഫീല്‍ഡ് വിസിറ്റ്, തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പ് നാളെ (സെപ്തംബര്‍ 20) സമാപിക്കും.