മേപ്പാടി: ജൂലൈ 30-ന് കേരളം കണ്ണുതുറന്നത് മഹാദുരന്തത്തിൻ്റെ അവശേഷിപ്പുകളിലേക്കാണ്. സർവ്വതും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ വിറച്ച് നില്‍ക്കുന്ന കാഴ്ച മലയാളികളുടെ കണ്ണില്‍ ഇന്നും മായാതെ നില്‍പ്പുണ്ട്. ഇതിലെ ഇരകള്‍ അതിജീവിച്ചുവരുകയാണ്. അത്തരമൊരു അതിജീവന പാതയിലായിരുന്നു ശ്രുതിയും. എന്നാല്‍ അവിടെയും അവള്‍ക്ക് വില്ലനായി എത്തിയത് വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു.
ഉരുള്‍പൊട്ടലില്‍ അഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ ഒൻപത് പേരയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ അവള്‍ തളർന്നില്ല, കൂടെ കൈയ്യപിടിച്ച് നടക്കാൻ ജെൻസൻ ഉണ്ടാകുമെന്ന ധൈര്യത്തില്‍ അവള്‍ തിരിച്ചുവരവിന്റെ പാതയില്‍ എത്തി. എന്നാല്‍ തൊട്ടു പിന്നാലെ വെള്ളാരംകുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഏക ആശ്രയമായിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സനും പോയി. സര്‍വതും നഷ്ടപ്പെട്ട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ശ്രുതി.
വാഹനാപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രി കിടക്കയില്‍ വച്ച് ഒരു ആഗ്രഹമേ ശ്രുതിക്ക് ഉണ്ടായിരുന്നുള്ളു. പിന്നീട് ഒന്നും നോക്കിയില്ല ശ്രുതിയുടെ ആ ആഗ്രഹത്തിനു തണലേകാൻ കൂടെ കല്‍പ്പറ്റ എം എല്‍ എ ടി.സിദ്ദിഖും ഉണ്ടായിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ ശ്രുതിയുടെ അമ്മ സബിതയെ തിരിച്ചറിഞ്ഞിരുന്നു. ഇനി ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം അതായിരുന്നു ശ്രുതിയുടെ ആഗ്രഹം. അമ്മയ്ക്ക് നല്‍കാവുന്ന അവസാനത്തെ സ്നേഹം അത് മാത്രമാണെന്ന് ശ്രുതിക്ക് അറിയാമായിരുന്നു.
ആശുപത്രി കിടക്കയില്‍ വെച്ചായിരുന്നു കല്‍പ്പറ്റ എം എല്‍ എ ടി.സിദ്ദിഖിനോട് ശ്രുതി ഇക്കാര്യം അറിയിച്ചത്. ഉടനെ ശരിയാക്കാമെന്ന ഉറപ്പും എംഎല്‍എ നല്‍കി. ഇതിനു പിന്നാലെ പുത്തുമലയിലേക്ക് യാത്രതിരിച്ചു. ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ കഴിഞ്ഞതുകൊണ്ട് ശ്രുതിയേ ആംബുലന്‍സിലായിരുന്നു പുത്തുമലയിലെ ഹാരിസണ്‍ ഭൂമിയിലേക്ക് എത്തിച്ചത് . ഇവിടെ നിന്ന് C192 നമ്പർ കുഴിയില്‍ അടക്കിയ അമ്മക്കരികിലെത്തി. വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പതിയെ മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന്‍റെ ശ്മശാനത്തില്‍ ഐവര്‍മഠത്തിന്‍റെ സഹായത്തോടെ സംസ്കരിച്ചു.
ശ്രുതിയുടെ പിതാവ് ശിവണ്ണന്‍റേയും അനിയത്തി ശ്രേയയുടെയും മൃതദേഹം അവിടെ തന്നെയാണ് സംസ്കരിച്ചത്. മൂന്ന് പേരെയും ഒരുമിച്ച് അടക്കിയതോടെ ശ്രുതി അവളുടെ കടമ നിർവഹിച്ചിരിക്കുകയാണ്. ആറു ദിവസം മുമ്പാണ് ചൂരല്‍മലയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ സബിതയുടെ മൃതദേഹം ഡി എന്‍ എയിലൂടെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്കാരം. എല്ലാത്തിനും കൂടെ നില്‍ക്കുന്ന മുസ്ലിം ലീഗിന്‍റെ വൈറ്റ് ഗാര്‍ഡിനു നന്ദി അറിയിച്ച് എം എല്‍ എ തന്നെ രംഗത്തെത്തി. ഇതൊക്കെ ഒരിറ്റു കണ്ണീർപോലും പൊഴിക്കാനാകാതെ തകർന്ന കാലുകളുമായി ശ്രുതി ആംബുലൻസില്‍ ഇരുന്നു.