തോട്ടം തൊഴിലാളികള്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കമ്മീഷന്‍ നിര്‍ദേശിച്ച തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കുക, ലയങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കുക തുടങ്ങി തോട്ടം ഉടമകള്‍ക്ക് വേണ്ടിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയെങ്കിലും തൊഴിലാളി അവഗണിക്കുകയാണ് ചെയ്തത്.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള യാതൊരു നിര്‍ദേശങ്ങളും നടപ്പിലാക്കാതെ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും, തൊഴിലാളികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ മുന്നറിയിപ്പ് നല്‍കി. രണ്ട് പാടി റൂമുകള്‍ ഒന്നാക്കി ലേബര്‍ ക്വാട്ടേഴ്‌സ് ആക്കുക, ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന നല്‍കുക, ഇ എസ് ഐ ചികിത്സ നടപ്പിലാക്കുക, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു തുടര്‍ന്നു പ്രവര്‍ത്തിക്കുക, തൊഴിലാളികളുടെ പി എഫ് കുടിശിക, ഗ്രാറ്റിവിറ്റി എന്നിവ അടിയന്തരമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ സമരത്തില്‍ ഉന്നയിച്ചു.

ജില്ലാപ്രസിഡന്റ് ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി മുഖ്യപ്രഭാഷണം നടത്തി. ഒ ഭാസ്‌ക്കരന്‍, ആര്‍ ശ്രീനിവാസന്‍, ഗിരീഷ് കല്‍പ്പറ്റ, നജീബ് പിണങ്ങോട്, ആര്‍ ഉണ്ണികൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍, ശശി അയ്യൂര്‍, കുഞ്ഞാപ്പ തലപ്പുഴ, രാജേഷ് തലപ്പുഴ, കൃഷ്ണന്‍ മാനന്തവാടി, ബാലന്‍ തൊവരിമല, ടി എ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ പി യൂനസ്, എന്‍ മജീദ്, മഞ്ജുഷ കോട്ടനാട്, ഇന്ദിര എരുമക്കൊല്ലി, നബീസ നെല്ലിമുണ്ട എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *