കാലാനുസൃതമായ മുന്നേറ്റം; തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും

ബത്തേരി: പുതിയ പരാതികളിൽ രണ്ട് മാസത്തിനകം തീരുമാനം കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി.രാജേഷ് പറഞ്ഞു. ഇതിനായി പ്രത്യേക ശിൽപ്പശാല നടത്തും. അദാലത്തുകൾ എല്ലാ പരാതികളും ഒറ്റയടിക്ക് പരിഹരിക്കാവുന്ന മാന്ത്രിക വടിയല്ല. എന്നാൽ നിലവിലുള്ള ചില ചട്ടങ്ങൾ പൊതുവായി ജനങ്ങൾക്ക് നീതി ലഭ്യമാകുന്നതിന് എതിരായി നിൽക്കുന്നു വെങ്കിൽ അവ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്തുടനീളം തദ്ദേശ അദാലത്തുമായി ജങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ബോധ്യപ്പെട്ടതാണിത്. സംസ്ഥാനത്ത് പൂർത്തിയായ 17 അദാലത്തുകളിൽ 86 മുതൽ 99 ശതമാനം വരെ പരാതികൾ ഇതിനകം തീർപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത് കാസർകോട് ജില്ലയിലാണ്. ചട്ടങ്ങൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പുതിയ പരാതികളിൽ രണ്ട് മാസത്തിനുള്ളിൽ പരിഹാരം

തദ്ദേശ അദാലത്തിൽ ലഭിച്ച പുതിയ പരാതികളിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. പരാതികളിൽ അനുകൂലതീർപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിയമ തടസ്സങ്ങളില്ലാത്ത ഏതൊരു പരാതിയും തീർപ്പാക്കി നൽകാൻ തന്നെയാണ് തീരുമാനം. ഇതര വകുപ്പുകളുമായി ചേർന്ന് കൂടിയാലോചിക്കേണ്ട വിഷയങ്ങളിൽ പെട്ടന്ന് തന്നെ തീരുമാനമെടുക്കണം. ചെറിയ ചെറിയ തടസ്സ വാദങ്ങളിൽ പൊതുജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടരുത്. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയനാട് ജില്ലാ തദ്ദേശ അദാലത്തിലും ഒട്ടേറെ പുതിയ പരാതികൾ എത്തിയിരുന്നു. ഇവയെല്ലാം പ്രാഥമിക ദ്വിതീയ പരിശോധനകൾ പൂർത്തിയാക്കി രണ്ട് മാസത്തിനകം തീർപ്പ് കൽപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *