കല്‍പ്പറ്റ: ചരക്കുവാഹന ഉടമകളും തൊഴിലാളികളും സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. നാലിന് രാവിലെ 10.30നു ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. സമരസമിതി ഭാരവാഹികളായ ഗിരീഷ് കല്‍പ്പറ്റ, സി.പി. മുഹമ്മദലി, കെ.പി. ജസ്മല്‍, മുനവര്‍ അലി, കെ.ബി. രാജു കൃഷ്ണ, കെ.എം. ഷിജു, കെ. അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. എസ്ടിയു ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി ധര്‍ണ ഉദ്ഘാടനം ചെയ്യും.
ലോറി വാടക വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കുക, എഫ്‌സിഐ ഡിപ്പോകളില്‍ നിന്നുള്ള ചരക്കുനീക്കത്തിന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പുതുതായി ബാധകമാക്കിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ റദ്ദുചെയ്യുക, ക്വാറികളില്‍ വെയ് ബ്രിഡ്ജ് നിര്‍ബന്ധമാക്കുക, ക്വാറി ഉത്പന്നങ്ങള്‍ കയറ്റിയ ടിപ്പറുകള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി വലിയ തുക പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ലോറികളില്‍ നിന്നു ഹെല്‍പ്പര്‍ ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് നിര്‍ത്തുക, സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ടിപ്പറുകള്‍ക്ക് രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക, ചരക്കുവാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും താലൂക്ക് അടിസ്ഥാനത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.