ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്ത് കല്ലൂര്‍ 67ല്‍ സജ്ജമാക്കിയ പൈതൃക മ്യൂസിയം വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മാസങ്ങള്‍ മുന്‍പ് ഉദ്ഘാടനം നടത്തിയിട്ടും മ്യൂസിയം തുറന്നുപ്രവര്‍ത്തിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 10 ലക്ഷവും രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന് കെട്ടിടം നിര്‍മിച്ചത്.
ചരിത്രരേഖകളും ഗോത്രജനതയും ആദ്യകാല കുടിയേറ്റക്കാരും ഉപയോഗിച്ച ഉപകരണങ്ങളും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തതാണ് ചരിത്ര രേഖകള്‍. നിലവില്‍ നൂറോളം ചരിത്രാവശിഷ്ടങ്ങള്‍ മ്യൂസിയത്തിലുണ്ട്. ഗതകാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന കലപ്പ, നുകം, കുന്തം, എഴുത്താണി, താളിയോലകള്‍, മീന്‍ പിടിത്തത്തിനുള്ള ചാട, മുറം, കൊമ്മ, പറ, പാണ്ടിക്കല്ല്, കന്നുകാലികളുടെ കഴുത്തില്‍ കെട്ടുന്ന തട്ട, പരമ്പരാഗത നെല്‍വിത്തുകള്‍, ശിലാലിഖിതങ്ങള്‍ എന്നിവ മ്യൂസിയത്തിലുണ്ട്.