കാരാപ്പുഴ: വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു. കാരാപ്പുഴ ഡാം ആംഫി തിയറ്റര്‍ വേദിയില്‍ സി.എം. ആദിയുടെ വയലിന്‍ ഷോ ആകര്‍ഷകമായി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും വേറിട്ടതായി മാറി. ഫോക്ക് ലോര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് പ്രജോദിന്റെ നേതൃത്വത്തില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി തുടിതാളം ടീമിന്റെ നാടന്‍ പാട്ടും ഗോത്ര കലകളുടെ അവതരണവും കാരാപ്പുഴയില്‍ കാണികളുടെ മനം കവര്‍ന്നു. ഒക്ടോബര്‍ 13 വരെ തുടരുന്ന വയനാട് ഉത്സവില്‍ ഞായറാഴ്ച്ച വൈകിട്ട് കാരാപ്പുഴ ഡാം ഗാര്‍ഡനില്‍ ഡി ജെ ജിഷ്ണു കോഴിക്കോട് നയിക്കുന്ന ഡി ജെ നൈറ്റ് അരങ്ങേറും. എന്‍ ഊരില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ 1 വരെ എം.ആര്‍.എസ് പൂക്കോട് സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കും. വൈകീട്ട് 4 മുതല്‍ 6.30 വരെ നാഗാമൃതം ഗോത്രകലാസംഘം നാടന്‍ കലകള്‍ അവതരിപ്പിക്കും.