കുട്ടികളുമായി സംവദിച്ച് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ

കല്‍പ്പറ്റ: വിദ്യാലയത്തില്‍ പഠിപ്പിക്കുന്നതു കൃത്യതയോടെ പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ എന്‍സിഇആര്‍ടി പാഠ പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കുകയും പത്രവായന ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. കളക്ടറേറ്റില്‍ ‘ഗുഡ് മോണിംഗ് കേരള’ പ്രതിവാര പരിപാടിയില്‍ കബനിഗിരി നിര്‍മല എച്ച്എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവര്‍. ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തെല്ലാം, പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്, വയനാട് മെഡിക്കല്‍ കോളജിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകുമോ, ജില്ലയിലെ പിന്നാക്ക വിഭാങ്ങള്‍ക്ക് ഭരണഘടനാപരമായും നിയമപരമായും സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ, ലഹരി ഉപഭോഗം തടയുന്നതിനു കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികള്‍ ഉന്നയിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണത്തിന് എക്‌സൈസ്, പോലീസ്, വിദ്യാഭ്യാസ, ആരോഗ്യ വകപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ കാമ്പയിന്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ഗവ.മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കും. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകളെ എകോപിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കും. താമസസൗകര്യം, കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യം എന്നിവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നതിലൂടെ മാത്രമേ സാമൂഹികനീതി കൈവരിക്കാനും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനും കഴിയൂ.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയണം. ഇതിന്റെ ഭാഗമായി മൃഗങ്ങള്‍ക്ക് കാട്ടില്‍ വെള്ളവും ഭക്ഷണവും സുലഭമാക്കുന്നതിന് നടപടി സ്വീകരിക്കും. ഉരുള്‍ ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും വിവിധ സേനാവിഭാഗങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഇതിന് നേതൃത്വം നല്‍കാന്‍ സാധിച്ചു. ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളെ രാജ്യത്തെ നയിക്കേണ്ടവരാണ്. അതിനുള്ള അറിവും പ്രാപ്തിയും നേതൃഗുണവും അച്ചടക്കവും പഠനകാലത്ത് ആര്‍ജിക്കണം. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *