തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ ഹെൽത്ത് സംവിധാനത്തിലേക്ക്

ചെന്നലോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു എച്ച് ഐ ഡി) വിതരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാവുകയും, ചികിത്സ കൂടുതൽ ഫലപ്രദമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങൾ, മരുന്നിന്റെ വിവരങ്ങൾ, മറ്റ് പരിശോധന ഫലങ്ങൾ, എന്നിവ ഓൺലൈൻ ആയി സൂക്ഷിക്കുന്നത് മൂലം രോഗിക്ക് ഇത്തരം വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ കൊണ്ടുപോകാതെ തന്നെ കേരളത്തിന്റെ ഇ -ഹെൽത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും.

രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ -ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രിയിൽ പോയാൽ മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലേക്ക് ഉള്ള ഡോക്ടർമാരുടെ അപ്പോയിൻമെന്റും ലഭ്യമാകും. സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ഈ ഹെൽത്ത് സംവിധാനം വളരെ ഗുണം ചെയ്യും. രോഗികളുടെ മുൻകാല രോഗ വിവരങ്ങൾ, കുടുംബത്തിലെ പാരമ്പര്യ അസുഖ വിവരങ്ങൾ, താമസസ്ഥലത്ത് കുടിവെള്ള വിവരങ്ങൾ, മാലിന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതുമൂലം പൊതു ജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും. ആധാർ അടിസ്ഥാനമാക്കിയാണ് യു.എ.ച്ച്.ഐ.ഡി കാർഡ് നൽകുന്നത്.

യോഗത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബുപോൾ, തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ, മെഡിക്കൽ ഓഫിസർ ഡോ. ദിവ്യകല, ഡോ. മുഹമ്മദ് ഷെരീഫ്, ഡോ. രേഷ്മ, ഇ ഹെൽത്ത് ജില്ലാ പ്രോജക്ട് എഞ്ചിനീയർ ഷിന്റോ, നോഡൽ ഓഫീസർ അഭിജിത്ത് ടോം, സ്റ്റാഫ് സെക്രട്ടറി ചാർളി.ടി, ഹെൽത്ത് ഇൻസ്പെക്ടർ കിരൺ, ഹെഡ് നേഴ്സ് ബിന്ദുമോൾ ജോസഫ്, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *