മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനാണ്. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിൽ മടങ്ങിയെത്തി. 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റ്സായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശ സർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.