മാനന്തവാടി: ക്യമറയിലാക്കിയ കാടിന്റെ സൗന്ദര്യവുമായി ‘തടോബ് ടെയില്‍സ്’ ഫോട്ടോഗ്രാഫി പ്രദര്‍ശനം തുടങ്ങി. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനമൊരുക്കിയിട്ടുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ‘ലൈറ്റ് സോഴ്‌സ്’ ആണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. മഹാരാഷ്ട്ര തഡോബ അന്ധാരി കടുവ സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്.
കടുവകള്‍ക്കു പുറമേ വിവിധ പക്ഷികള്‍, കാട്ടുപോത്ത്, മൂങ്ങ കരടി തുടങ്ങി 48 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ശില്പിയും ചിത്രകാരനുമായ ജോസഫ് എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഷബീര്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. വിനോദ് കെ. ജോസ് മുഖ്യാതിതിയായി. അജി കൊളോണിയ, കെ.കെ. മോഹന്‍ദാസ്, എം. ഗംഗാധരന്‍, പ്രതാപ് ജോസഫ്, ശബരി ജാനകി, ടി.എം. ഹാരിസ്, മുനീര്‍ തോല്‌പെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മീറ്റ് ദി ഫോട്ടോഗ്പാഫര്‍ പരിപാടിയില്‍ സബീര്‍ മമ്പാട്, ടി.എം. ഹാരിസ്, ബെന്‍ വര്‍ഗീസ് എന്നിവര്‍ ആസ്വാദകരുമായി സംവദിച്ചു.
‘ലൈറ്റ് സോഴ്‌സിന്റെ ജില്ലയിലെ ആദ്യ പ്രദര്‍ശനമാണിത്. ലൈറ്റ് സോഴ്‌സ് അംഗങ്ങളായ ഷബീര്‍ തുറക്കല്‍, രാജേഷ് കണ്ണമ്പള്ളി, ഗിരീഷ് കെ. പുരം, എം.എ. ലത്തീഫ്, രാജേഷ് ചെമ്മലശ്ശേരി, സജി ചെറുകര, നസ്രു തിരൂര്‍, ബെന്‍ വര്‍ഗീസ്, ഷമീം മഞ്ചേരി, ടി.എം. ഹാരിസ്, ഷബീര്‍ മമ്പാട് എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ഫോട്ടോഗ്രാഫര്‍മാരോടു സംവദിക്കാനായി ‘മീറ്റ് ദി ഫോട്ടോഗ്രാഫര്‍’ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രദര്‍ശനം. ഞായറാഴ്ച സമാപിക്കും.