മുള്ളന്‍കൊല്ലി: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ കാലാവസ്ഥാധിഷ്ഠിത കാര്‍ഷിക പുനര്‍ജനി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം നടത്തി. റൈസ് മില്ല്-ഒന്ന്, ചാഫ് കട്ടര്‍-ഒന്ന്, ഡ്രം സീഡര്‍-ഒന്ന്, കോണോ വീഡര്‍-10, സ്പ്രയര്‍-ഒന്ന്, പമ്പ്‌സെറ്റ്-മൂന്ന്, വീഡ് കട്ടര്‍-രണ്ട് എന്നിവയാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുമിന പ്രസംഗിച്ചു.
കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ദീപ സുരേന്ദ്രന്‍ വിശദീകരിച്ചു. ‘കാലാവസ്ഥാധിഷ്ഠിത കൃഷി’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തിരുനെല്ലി അഗ്രോ ഇന്‍ഡസ്ട്രീസ് കമ്പനി സിഇഒ രാജേഷ് കൃഷ്ണന്‍ ക്ലാസെടുത്തു. തെരെഞ്ഞെടുത്ത 15 കര്‍ഷകര്‍ക്ക് കുരുമുളകുവള്ളികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ‘അര്‍ക്ക മൈക്രോബ്യയില്‍ കണ്‍സോര്‍ഷ്യം’ സൂക്ഷ്മാണു വളം വിതരണം ചെയ്തു. കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കി.