ഉരുള്‍ദുരന്ത മേഖലയില്‍ വനവിസ്‌സ്ത്രി വര്‍ധിപ്പിക്കാന്‍ നീക്കം; പി.വി. അന്‍വര്‍ എം എല്‍ എ

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടത്തുന്ന ഗൂഢനീക്കം തിരിച്ചറിയണമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ദുരന്ത മേഖലയില്‍ വനവിസ്‌സ്ത്രി വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സംശയിക്കണം. ജനങ്ങളെ ഒഴിവാക്കി വനത്തിന്റെ വിസ്തൃതി കൂട്ടാനാണ് വനം വകുപ്പിന്റെ പദ്ധതി. പല സ്ഥലങ്ങളിലും വനം വകുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ വനവിസ്തൃതിയില്‍ 10,000 ഏക്കര്‍ വര്‍ധനവുണ്ടായി.

ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവരെ അടിയന്തരമായി പുനരധിവസിപ്പിക്കണം. കേന്ദ്ര സഹായം വൈകുന്നത് പ്രതിഷേധാര്‍ഹമാണ്. ചൂരല്‍മലയിലും സമീപങ്ങളിലും ഉരുള്‍വെള്ളം ഒഴുകാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ചൂരല്‍മലയില്‍ വൈദ്യുതി വിതരണം ഉടന്‍ ആരംഭിക്കണം. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ നല്ല നിലയിലാണ് പ്രവര്‍ത്തിച്ചത്. പിന്നീട് ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ഉരുള്‍പൊട്ടലില്‍ മരിച്ചതില്‍ നൂറിലേറെ പേരുടെ മൃതദേഹം കിട്ടിയത് ചാലിയാറില്‍ നിന്നാണ്. ദുരന്തം നടന്നതു മുതല്‍ ഒരു മാസം ചാലിയാറില്‍ തെരച്ചില്‍ നടന്നു.

47 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദുരന്തബാധിതര്‍ക്ക് പലതരത്തിലുള്ള പരാതികള്‍ ഉണ്ട്. കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യം അവര്‍ ഉന്നയിക്കുന്നുണ്ട്. തെരച്ചില്‍ പുനരാരംഭിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. രാവിലെ 10 ഓടെ ചൂരല്‍മലയില്‍ എത്തിയ അന്‍വര്‍ ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ഡോ.ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്കകള്‍ ആളുകള്‍ അദ്ദേഹവുമായി പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *