ഉരുൾപൊട്ടൽ: വിദഗ്ധ സമിതി റിപ്പോർട്ടിലെ ആശങ്ക ദൂരീകരിക്കും; ജില്ലാ കലക്ടർ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിത പ്രദേശങ്ങളിൽ വിദഗ്ധ സമിതി നടത്തിയ റിപ്പോർട്ടിലുള്ള പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. കലക്ടറേറ്റ് എ.പി.ജെ ഹാളിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. പുനരധിവാസ ഗുണഭോക്തൃത പട്ടിക തയ്യാറാക്കുമ്പോൾ മേഖലയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളുടെ പട്ടിക, കെ.എസ്.ഇ.ബി ജിയോ റഫറൻസ് ഡാറ്റ, ഹരിതമിത്രം ആപ്പ് റഫറൻസ് ഡാറ്റ എന്നിവയും പരിശോധിക്കും. തയ്യാറാക്കുന്ന ഗുണഭോക്തൃ പട്ടിക ജനകീയ സമിതിയിലും ഗ്രാമസഭയിലും അവതരിപ്പിച്ച് അർഹരായവരെ കണ്ടെത്തും.

അർഹരായ എല്ലാർക്കും സുരക്ഷിത പുനരധിവാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ലക്ഷ്യം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം പോകാൻ പാടുള്ളത്, പോകാൻ പാടില്ലാത്തത് എന്നീ മാനദണ്ഡ പ്രകാരം മേഖലയിൽ സ്ഥലങ്ങളിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞതിനെ തുടർന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഓൾ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ അടിയന്തര യോഗം ചേർന്നു. പ്രദേശത്തെ സർവേ താൽക്കാലികമായി നിർത്തിവച്ചതായി കലക്ടർ യോഗത്തിൽ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പ്രദേശവാസികൾ, ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ച ആശങ്കയും പ്രതിഷേധവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും സർക്കാരിനെ അറിയിക്കുമെന്ന് യോഗത്തിൽ കലക്ടർ അറിയിച്ചു.

മുണ്ടക്കൈ – ചൂരൽമലയിൽ നടത്തിയ പഠന റിപ്പോർട്ട് ജനങ്ങൾക്ക് പഠിക്കാൻ നൽകണം, റിപ്പോർട്ടിലെ ആശങ്ക പരിഹരിക്കാൻ മന്ത്രി തലത്തിൽ സർവ കക്ഷിയോഗം ചേരണം, റിപ്പോർട്ടിൽ ആവശ്യമായ പരിഷ്കാരം വരുത്തണം, പഞ്ചായത്ത് ഭരണസമിതി -ജനകീയ-ആക്ഷൻ കമ്മിറ്റികളെ ഉൾപ്പെടുത്തി റിപ്പോർട്ട് പുന:പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ഡെപ്യൂട്ടി കലക്ടർ ( ചൂരൽമല ദുരന്തം സ്പെഷൽ ഓഫിസർ) കെ.അജീഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുണ്ടക്കൈ – ചുരുൾമല പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *