കുറുവ ദ്വീപ്: പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പുനരാരംഭിച്ചു

കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലുള്ള കുറുവ ദ്വീപില്‍ ഏഴു മാസത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പുനരാരംഭിച്ചു. കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുല്‍പ്പള്ളിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍ത്തിവച്ച വിനോദസഞ്ചാരമാണ് ഇന്നു രാവിലെ പുനരാരംഭിച്ചത്. പാക്കം ചെറിയമല ഭാഗത്തുകൂടിയാണ് സഞ്ചാരികളെ ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 220ഉം വിദ്യാര്‍ഥികള്‍ക്ക് 150ഉം വിദേശികള്‍ക്ക് 440ഉം രൂപയാണ് പ്രവേശന ഫീസ്. പയ്യമ്പള്ളി പാല്‍വെളിച്ചം ഭാഗത്തുകൂടി സന്ദശകരെ അനുവദിക്കുന്നതില്‍ വനം വകുപ്പും ഡിടിപിസിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനു നീക്കം നടന്നുവരികയാണ്.

പാല്‍വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ സഹകരണത്തോടെയായിരുന്നു ടൂറിസം. ഇവിടെ വിനോദസഞ്ചാരം സ്വന്തം നിലയ്ക്കു നടത്താനാണ് വനം വകുപ്പിന്റെ പദ്ധതി. ഇതാണ് തര്‍ക്കത്തിനു കാരണമായത്. കഴിഞ്ഞ മൂന്നിന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.എസ്. ദീപയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിത്തിലാണ് ജില്ലയില്‍ അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെയും ഫീസ് വര്‍ധിപ്പിച്ചും തുറക്കാന്‍ തീരുമാനമായത്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് കഴിഞ്ഞ 25ന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വനം-വന്യജീവി വകുപ്പ് അടച്ചത്.

ഇതിനു പിന്നാലെ സുവോമോട്ടോ കേസില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഹൈക്കോടതി വിലക്കിയിരുന്നു. സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കോടതി അനുവാദം നല്‍കിയത്. ജില്ലയില്‍ അടഞ്ഞുകിടക്കുന്ന മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളും വൈകാതെ തുറക്കും. ചെമ്പ്രമല ട്രക്കിംഗ് കേന്ദ്രം, ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് കേന്ദ്രം എന്നിവിടങ്ങളില്‍ 21 മുതല്‍ സഞ്ചാരികളെ അനുവദിക്കും. സൂചിപ്പാറ വെള്ളച്ചാട്ടം ടൂറിസം കേന്ദ്രം നവംബര്‍ ഒന്നിനു തുറക്കും. ചെമ്പ്രമലയില്‍ ദിവസം പരമാവധി 75 പേര്‍ക്കാണ് ട്രക്കിംഗിന് അവസരം. അഞ്ചുപേരടങ്ങുന്ന സംഘത്തിന് 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 5,000 ഉം വിദ്യാര്‍ഥികള്‍ക്ക് 1,600 ഉം വിദേശികള്‍ക്ക് 8,000 ഉം രൂപയാണ് പ്രവേശന ഫീസ്.

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ ദിവസം 500 പേരെ അനുവദിക്കും. മുതിര്‍ന്നവര്‍-118 രൂപ, വിദ്യാര്‍ഥികള്‍-70 രൂപ, വിദേശികള്‍-236 രൂപ(ജിഎസ്ടി അടക്കം)എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് 100ഉം വിദ്യാര്‍ഥികള്‍ക്ക് 50ഉം വിദേശികള്‍ക്ക് 200 ഉം രൂപയാണ് പ്രവേശന ഫീസ്. ജിഎസ്ടി ഇതില്‍ ഉള്‍പ്പെടും. ദിവസം 500 പേര്‍ക്കാണ് പ്രവേശനം. കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് അഞ്ച് പേരടങ്ങുന്ന സംഘത്തിന് ജിഎസ്ടി അടക്കം മുതിര്‍ന്നവര്‍ 5,000 രൂപ, വിദ്യാര്‍ഥികള്‍-3,000 രൂപ, വിദേശികള്‍-7,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് ദിവസം പരമാവധി 25 പേര്‍ക്കാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *