പുനരു ദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി നവീകരണകലശത്തിനൊരുങ്ങി മാനികാവ് മഹാശിവക്ഷേത്രം

മീനങ്ങാടി: വയനാട്ടിലെ പ്രധാന ക്ഷേത്രമായ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിൻ്റെ പുനരു ദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി നവീകരണകലശത്തിനൊരുങ്ങുന്നു. ആറായിരം വർഷത്തെ പൗരാണിക ചരിത്രവും ദ്വാപരയുഗത്തിൽ ഉത്ഭവിച്ചതുമായ ശിവ ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ആശ്രമ തുല്യമായ ശാന്തത കൊണ്ടും പ്രസിദ്ധമാണ്. മഹാമുനിമാരുടെ നിരന്തരമായ തപസ്സിൽ മഹാദേവൻ നിബിഡമായ വനത്തിൽ ഗംഗാദേവിയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതിഹ്യം. കാട്ടരുവിയിൽ നിന്ന് ഉത്ഭവിച്ച് സദാ സമയവും ശിവലിംഗത്തിന് മുകളിൽ വീഴുന്ന ജലധാര ഇവിടുത്തെ പ്രത്യേകതയാണ്. ആറായിരത്തോളം വർഷങ്ങളായി ശിവലിംഗത്തിൽ പ്രകൃതി സ്വയംജലധാര നടത്തുന്ന ഈ പ്രതിഭാസം ഇന്ത്യയിൽ തന്നെ മറ്റൊരിടത്തും കാണാൻ കഴിയില്ല.

ദേവപ്രശ്നങ്ങളിൽ ഈ ക്ഷേത്രത്തിന് നാലായിരം മുതൽ ആറായിരം വർഷത്തെ പഴക്കമുണ്ടെന്നും അനന്തമായ ഒരു അഭൗമശക്തി നിലനിൽക്കുന്ന ഭൂപ്രദേശമാണ് ഈ ക്ഷേത്രം നിലനിൽക്കുന്ന പ്രദേശമെന്നും പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് പതിനേഴ് ഗോത്ര കുടികൾ ഇതിൻ്റെ പരിസരത്ത് ഉണ്ട്. കുറുമർ, ചെട്ടിമാർ , കുണ്ടു വാടിയർ, പണിയർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണിവർ. കണ്ണൂർ ജില്ലയിൽപ്പെട്ട കോട്ടയം എന്ന സ്ഥലം ഭരിച്ചിരുന്ന രാജാവിൻ്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള ക്ഷേത്രാചാരങ്ങൾ നിലവിൽ വന്നതെന്ന് പറയപ്പെടുന്നു. പിന്നീട് ക്ഷേത്രം രാജാവ് കൂത്താളി തറവാട്ടുകാരെ ഏൽപ്പിക്കുകയും അവരിൽ നിന്ന് കുപ്പത്തോട് തറവാട്ടുകാർ ഏറ്റെടുക്കുകയും തുടർന്ന് മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിൽ എത്തുകയുമായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. 2025 മാർച്ച് 2 മുതൽ 7 വരെയാണ് ക്ഷേത്രത്തിൽ നവീകരണകലശം. നവീകരണ കലശ നിധിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സിനിമാ തിരക്കഥാകൃത്ത് ഡോ. രൺധീർ കൃഷ്ണ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *