കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും, എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ ഒരു സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ സംബന്ധിച്ച് എതിരാളികള്‍ ദുര്‍ബലരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണെന്നും അത് നിസാരവൽക്കരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയമായാലും, കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാലും യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞു വന്നിട്ട് കെട്ടിവെച്ച കാശുപോയിട്ടാണ് ചുരമിറങ്ങിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് മോദി ഇവിടെ വന്ന് ജനങ്ങള്‍ക്ക് കുറെ വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ ഒരു സഹായവും നല്‍കിയില്ല. വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദുരന്തത്തെ മറന്ന് മുന്നോട്ടുപോകാനാവില്ല. പ്രധാനമന്ത്രി പോകാത്ത സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത ആനുകൂല്യങ്ങള്‍ പോലും ഇവിടെ വന്ന് നേരിട്ടു കണ്ടിട്ടും നല്‍കിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു.
കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡീന്‍ കുര്യാക്കോസ് എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, അഡ്വ. ടി ജെ ഐസക്ക്, അഡ്വ. എന്‍ കെ വര്‍ഗീസ്, പി പി ആലി, കെ ഇ വിനയന്‍, വി എ മജീദ്, കെ വി പോക്കര്‍ഹാജി, പി ടി ഗോപാലക്കുറുപ്പ്, എ പ്രഭാകരന്‍ മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, എന്‍ എം വിജയന്‍, എം ജി ബിജു, ബിനു തോമസ്, പി ശോഭനകുമാരി, മോയിന്‍ കടവന്‍, ജി വിജയമ്മ ടീച്ചര്‍, കമ്മന മോഹനന്‍, എം വേണുഗോപാല്‍, ചിന്നമ്മ ജോസ്, എടക്കല്‍ മോഹനന്‍, എന്‍ സി കൃഷ്ണകുമാര്‍, അഡ്വ. പി ഡി സജി, എന്‍ യു ഉലഹന്നാന്‍, ഡി പി രാജശേഖരന്‍, എം പി നജീബ് കരണി, തുടങ്ങിയവര്‍ സംസാരിച്ചു.