കൽപ്പറ്റ: പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മാണം നടത്തുന്നതിനും മുണ്ടക്കുറ്റി-കക്കടവ് പാലത്തിന്റെ അപ്രോച് റോഡ് നവീകരിക്കുന്നതിനും ആവശ്യമുന്നയിച്ച് ടി സിദ്ധിഖ് എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. തരുവണ-വൈത്തിരി റോഡിലെ പന്തിപൊയില്‍ ടൗണിലെ പാലം അപകടാവസ്ഥയിലാണ്. വര്‍ഷങ്ങളോളം പഴക്കമുള്ള പാലം ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്ന പ്രദേശമായതിനാലും, കുറ്റ്യാടി പോലെ വിവിധ സ്ഥലങ്ങളിലേക്കും എളുപ്പം എത്തുന്നതിനുള്ള വഴിയുമായതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന കടന്ന് പോകുന്നത്. പാലത്തിന്റെ തൂണുകള്‍ ദ്രവിച്ചതിനാല്‍ ഏതു നിമിഷവും പാലം നിലം പൊത്താന്‍ സാധ്യതയേറെയാണ്. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ ഒരു വലിയ ദുരന്തം സംഭവിക്കുവാനും, മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുവാനും സാധ്യതയേറെയാണന്നും കത്തിൽ സുചിപ്പിച്ചു.
അതോടൊപ്പം മുണ്ടക്കുറ്റി-തരുവണയുമായി ബന്ധിപ്പിക്കുന്ന കക്കടവ് പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞിട്ട് 6 വര്‍ഷത്തോളമായി. പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പ്രസ്തുത പാലം തന്നെയാണ്. ഈ പാലത്തിന് അപ്രോച് റോഡ് ഇല്ലാത്തതിനാല്‍ മാനന്തവാടി ഭാഗത്തു നിന്ന് വരുന്ന ബസ് കക്കടവ് വരെ സര്‍വീസ് നടത്തി തിരിച്ചു പോകുകയാണ്. ഈ ബസ് മുണ്ടക്കുറ്റിയില്‍ വരെ എത്തണമെങ്കില്‍ മുണ്ടക്കുറ്റി-കക്കടവ് അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതാണന്നും ആവശ്യപ്പെട്ടു. ഈ രണ്ടു പ്രവൃത്തികളും വേഗത്തിലാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.