ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുന്നു

കല്‍പ്പറ്റ: ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. ബാബുരാജ്. ജില്ലാ ഭാരവാഹികളായ സുരേഷ് കുറ്റിയോട്ടില്‍, തമ്പി കണിയാമ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 17ന് സാമൂഹിക ഐക്യദാര്‍ഢ്യം പക്ഷാചരണം സമാപനത്തിലും ഊരുമൂപ്പന്‍മാര്‍ക്ക് തിക്താനുഭവമുണ്ടായി. പക്ഷാചരണം സമാപനത്തിലേക്ക് ഊരുമൂപ്പന്‍മാരെ ക്ഷണിച്ചിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പരിപാടി മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ ടെലിഫോണില്‍ അറിയിച്ചു. എന്നാല്‍ അതേദിവസം പക്ഷാചരണം സമാപനം നടത്തി.

ഇത് പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഊരുകളുടെ വികസനത്തിനും പ്രശ്‌നങ്ങളുടെ പരിഹാരത്തിനും കൗണ്‍സില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ആദിവാസി ഭൂസമരം, പട്ടികവര്‍ഗക്കാരില്‍ വര്‍ധിക്കുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം, ഉന്നതികളിലെ ഭവന നിര്‍മാണം, പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി, ജോലി സംവരണം തുടങ്ങിയ വിഷയങ്ങളില്‍ കൗണ്‍സില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് മതിയായ പരിഗണന ലഭിച്ചില്ല. ജില്ലയിലെ പല പഞ്ചായത്തുകളിലും ഊരുമൂപ്പന്‍മാരെ തഴഞ്ഞും വാര്‍ഡ് അംഗത്തിന്റെ താത്പര്യം കണക്കിലെടുത്തുമാണ് കാര്യങ്ങള്‍ നടത്തുന്നത്. ഊരുകൂട്ടം യഥാവിധം നടക്കാത്ത സ്ഥിതിയാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *