ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൽപ്പറ്റ: സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സര്‍വമേഖലയും തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം പോലും കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഖജനാവ് കാലിയാണ്. കെ എസ് ആര്‍ ടി സി തകര്‍ന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ വൈദ്യുതി ബോര്‍ഡിന്റെ കടം 45,000 കോടി രൂപയായി. പെന്‍ഷന്‍ പോലും യഥാസമയം നല്‍കാനാവുന്നില്ലെന്ന് മാത്രമല്ല, ഒരു വകുപ്പിന്റെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസം മന്ദഗതിയിലാണ്. 47 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ അര്‍ജുന് വേണ്ടി 72 ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇവിടെ 14 ദിവസം മാത്രമാണ് തിരച്ചില്‍ നടത്തിയത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഞ്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാകുന്നത് വരെ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും.

ഇനിയും കേന്ദ്രസഹായം ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും സതീശന്‍ പറഞ്ഞു. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ എല്ലാ ശ്രമങ്ങളും ചെറുത്തുതോല്‍പ്പിക്കും. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതാണെന്ന ആക്ഷേപമുണ്ടായപ്പോഴും ആദ്യം നിഷേധിക്കുന്നതും പിന്നീട് സമ്മതിക്കുന്നതുമാണ് കണ്ടത്. സംഘപരിവാര്‍ കേരളത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ദേശീയപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സ്വന്തം കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ തിരഞ്ഞെടുപ്പ് കാലത്തടക്കം ബി ജെ പി-സി പി എം അവിശുദ്ധബന്ധം സംസ്ഥാനത്ത് നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ 2019-ല്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, പാലക്കാടും ചേലക്കരയും മികച്ച ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, കെ സി ജോസഫ്, എം ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ധിഖ്, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, പി ഉബൈദുള്ള, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം സി സെബാസ്റ്റ്യന്‍, അജീര്‍, പി കെ ജയലക്ഷ്മി, പി പി ആലി, എന്‍ കെ റഷീദ്, ടി മുഹമ്മദ്, പി ടി ഗോപാലക്കുറുപ്പ്, കെ എല്‍ പൗലോസ്, അഡ്വ. ടി ജെ ഐസക്ക്, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ടി ഹംസയെയും, ജനറല്‍ കണ്‍വീനറായി പി പി ആലിയെയും, ട്രഷററായി അഡ്വ. ടി ജെ ഐസക്കിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *