കണ്ണൂര്‍: വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് ആര്‍.ടി.ഓഫിസിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി.57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്യൂസ് ഊരിയതെന്നാണ് കെ.എസ്.ഇ.ബി.
വിശദീകരണം.
പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. കണ്ണൂരിലെ എ.ഐ ക്യാമറ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഓഫിസിന്റെ ഫ്യൂസാണ് ഊരിയത്. വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ നിലവില്‍ ഓഫീസിന്റെ പ്രവര്‍ത്തനമാകെ നിലച്ച നിലയിലാണ്. ഈ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടാണ്.
വയനാട്ടില്‍ കെ.എസ്.ഇ.ബി. അവരുടെ വാഹനത്തിന് മുകളില്‍ തോട്ടി കൊണ്ടു പോയി എന്ന് ചൂണ്ടിക്കാട്ടി ആര്‍.ടി.ഒ. പിഴ ഈടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി ആര്‍.ടി ഓഫിസിന്റെ ഫ്യൂസ് ഊരിയിരുന്നു. ഇതോടെയാണ് കെ.എസ്.ഇ.ബിയും ആര്‍.ടി.ഒയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത്. ഇതിനോടകം പലയിടങ്ങളിലും ആര്‍.ടി ഓഫിസുകളുടെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയിട്ടുണ്ട്.
ഇന്നലെ വൈദ്യുത ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇന്നലെ അവിടെയും ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു.