ന്യൂഡൽഹി: തക്കാളി വില 15 ദിവസത്തിനകം കുറഞ്ഞുതുടങ്ങുമെന്നും ഒരു മാസത്തോടെ പഴയ നിലയിലെത്തുമെന്നും കേന്ദ്രം. എല്ലാ വർഷവും ജൂണിൽ തക്കാളി വില ഉയരാറുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. എളുപ്പം നശിക്കുന്ന വസ്തുവായ തക്കാളി ഏറെക്കാലം സൂക്ഷിക്കാനും ഏറെ ദൂരം കൊണ്ടുപോകാനും കഴിയില്ല. ജൂൺ-ആഗസ്റ്റ്, ഒക്ടോബർ- നവംബർ മാസങ്ങളിൽ ഉൽപാദനം കുറയുന്നതിനാലും വില കുതിക്കാറുണ്ടെന്നും കേന്ദ്ര സെക്രട്ടറി പറഞ്ഞു. ജൂൺ 29ന് ഒരു കിലോ തക്കാളിയുടെ രാജ്യത്തെ ശരാശരി വില 49 രൂപയാണെന്നും കഴിഞ്ഞ വർഷം ഇത് 51.50 രൂപയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി 80 രൂപ, മുംബൈ 48, കൊൽക്കത്ത 105, ചെന്നൈ 88 എന്നിങ്ങനെയാണ് തക്കാളി കിലോ വില.