ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ ഇന്നുമുതൽ അസാധു; ഇനി ചെയ്യേണ്ടത്​ ഇക്കാര്യങ്ങൾ

ന്യൂഡൽഹി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടാതെ സർക്കാർ. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടിയിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ കാലാവധി നീട്ടിയിട്ടില്ല. ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ഇന്നുമുതൽ പ്രവർത്തനരഹിതമാകും.

പാൻ അസാധുവായാൽ

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞെങ്കിലും ഒരു വ്യക്തിക്ക് സമയപരിധി അവസാനിച്ചതിന് ശേഷവും അത് ലിങ്ക് ചെയ്യാൻ കഴിയും. എന്നാൽ പിഴ നല്കണമെന്ന് മാത്രം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2023 മാർച്ച് 28-ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ 1,000 രൂപ പിഴ നൽകണം. ആധാറുമായി ലിങ്ക് ചെയ്യണം. എന്നിരുന്നാലും, പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ലിങ്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസമെടുക്കും.

പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക സേവനങ്ങൾ ലഭിക്കുന്നതിന്​ തടസം നേരിട്ടേക്കാം. ഉദാഹരണത്തിന് ഇതുവരെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ. പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതിന്, ഒരു വ്യക്തി ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ അവന്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, “ലിങ്ക് പാൻ വിത്ത് ആധാർ” ഓപ്ഷൻ കാണുന്നതിന് പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകുക. ആവശ്യമായ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, ഇ-പേ ടാക്സ് വഴി പിഴ തുക അടയ്‌ക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *