കാവുംമന്ദം: കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനത്തിൽ പിറന്നാൾ മധുരം ഒരുക്കി തരിയോട് ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച മധുരമേളം ഏറെ ശ്രദ്ധേയമായി. ക്യാരറ്റും ബീറ്റ്റൂട്ടും ഉള്ളിയും തൊടിയിലെ പപ്പായയും കാച്ചിലും ചക്കയും നവധാന്യങ്ങളും പായസക്കൂട്ടുകളായി നിരന്നപ്പോൾ കുരുന്നുകളുടെ കണ്ണിലും നാവിലും ഒരേസമയം മധുരം നിറഞ്ഞു. വൈവിധ്യമാർന്ന അമ്പതോളം വ്യത്യസ്ത മാര്‍ന്ന പായസങ്ങൾ രക്ഷിതാക്കൾ തയ്യാറാക്കി സ്കൂൾ അങ്കണത്തിൽ ഒരുക്കി. വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മധുരമേളം സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിക്ക് എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചി നുകർന്ന് വയറും മനസ്സും നിറച്ചാണ് തിരിച്ചു പോയത്. പി .ടി.എ. പ്രസിഡൻ്റ് ഷമീം പാറക്കണ്ടി മധുരമേളം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. എം. പി. ടി.എ. പ്രസിഡന്റ് രാധിക ശ്രീരാഗ്, എസ്. എം. സി. ചെയർമാൻ ബി. സലിം, പി. ടി. എ വൈസ് പ്രസിഡന്റ് ആന്റണി, സീനിയർ അസിസ്റ്റന്റ് ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.