ബത്തേരി: കല്ലൂര്‍ ചുണ്ടപ്പാടിയില്‍ കാട്ടാന വ്യാപകമായി കൃഷിനാശം വരുത്തി. വനത്താല്‍ ചുറ്റപ്പെട്ട കാര്‍ഷിക ഗ്രാമമായ കല്ലൂര്‍, ചുണ്ടപ്പാടി, മാറോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. വനാതിര്‍ത്തികളില്‍ ഫെന്‍സിങ്ങുകളും വാച്ചര്‍മാരും ഉണ്ടെങ്കിലും വന്യമൃഗ പ്രതിരോധം ഇവിടെ കാര്യക്ഷമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഫെന്‍സിങ്ങ് തകര്‍ത്ത് വയലിലിറങ്ങിയ കാട്ടാന ചുണ്ടപ്പാടി രഘുനാഥിന്റെ നെല്‍കൃഷിയുടെ ഭൂരിഭാഗവും നശിപ്പിച്ചു.
കാര്‍ഷിക വായ്പയെടുത്തും പലരോടായി കൈ വായ്പ വാങ്ങിയുമാണ് രഘുനാഥ് കൃഷിയിറക്കിയത്. എന്നാല്‍ കൃഷി കാട്ടാന നശിപ്പിച്ചതോടെ കടക്കെണിയില്‍ കുടുങ്ങിയിരിക്കുകയാണ് ഈ കര്‍ഷകന്‍. രഘുനാഥിന് പുറമേ പലരുടെയും കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. പലതവണ വനപാലകരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നുമില്ലന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയാല്‍ തുക അനുവദിക്കുന്നില്ല എന്നും ഇവര്‍ പരാതി പറയുന്നുണ്ട്.
കാട്ടാനയ്ക്കു പുറമേ മറ്റു മൃഗങ്ങളും പ്രദേശത്ത് ഇറങ്ങുന്നത് പതിവാണ്. ഇതുകാരണം നിരവധി കര്‍ഷകര്‍ ഇതിനോടകം കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ വന്യമൃഗ ശല്യം തുടര്‍ന്നാല്‍ ബാക്കിയുള്ളവരും കൃഷി ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. പ്രദേശത്ത് കടുവ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.