മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം മെഗാ കുടുംബ യോഗങ്ങൾ നടക്കുകയാണിപ്പോൾ. കോൺഗ്രസ് ദേശീയ നേതാക്കളും യു.ഡി.എഫ് നേതാക്കളും മണ്ഡലത്തിൽ ഉടനീളമുള്ള കുടുംബ യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ എ.പി അനിൽകുമാർ എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ നിയോജക മണ്ഡലങ്ങളിലും അവലോകന യോഗങ്ങൾ ചേർന്നത്. പഞ്ചായത്ത്/ മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, മണ്ഡലം, പഞ്ചായത്ത് നിരീക്ഷകൻമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
നിലമ്പൂരിൽ പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എച്ച് ഇഖ്ബാൽ അധ്യക്ഷനായി. ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സെക്രട്ടറി വി.എ കരീം, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എൻ.എ കരീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം സംസാരിച്ചു. വണ്ടൂരിൽ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി. ഖാലിദ് അധ്യക്ഷനായി. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കുഞ്ഞാപ്പു ഹാജി, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.സി കുഞ്ഞിമുഹമ്മദ്, പഴങ്കുളം മധു, എം.എം നസീർ, സാക്കിർ ഹുസൈൻ സംസാരിച്ചു.
അരീക്കോട് നടന്ന ഏറനാട് മണ്ഡലംതല അവലോകന യോഗത്തിൽ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷനായി. എം.ആർ മഹേഷ് എം.എൽ.എ, തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ജനറൽ കൺവീനർ അഡ്വ. അബ്ദുല്ലക്കുട്ടി, കെ.ടി അഷ്റഫ്, അജീഷ് എടാലത്ത്, പി.പി സഫറുള്ള സംസാരിച്ചു. മുക്കത്ത് നടന്ന തിരുവമ്പാടി നിയോജക മണ്ഡലം അവലോകന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം അധ്യക്ഷനായി. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, എം.ജെ ജോബ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ വി.കെ ഹുസൈൻ കുട്ടി, ഇ.പി ബാബു, അഡ്വ. സുഫിയാൻ ചെറുവാടി സംസാരിച്ചു.
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ മേപ്പാടി അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി.പി അലി, ടി. മമ്മൂട്ടി, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, റസാഖ് കൽപ്പറ്റ സംസാരിച്ചു.