ബത്തേരി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ചില ജനവാസകേന്ദ്രങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്നവിധത്തില്‍ ചില മാപ്പുകളില്‍ കാണാനിടയായതിനെത്തുടര്‍ന്നു ആശങ്കയിലായവര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ നിവേദനം നല്‍കി. നിജസ്ഥിതി വ്യക്തമാക്കണമെന്നും ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ജനവാസമേഖലകള്‍ ഒഴിവാക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, 18 വാര്‍ഡുകളും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 16, 17, രണ്ട്, മൂന്ന് വാര്‍ഡുകളും ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്നതായാണ് ചില മാപ്പുകളില്‍ കാണുന്നത്.
വന്യജീവി സങ്കേതത്തിലെ സെറ്റില്‍മെന്റുകള്‍ മാത്രമാണ് സോണ്‍ പരിധിയില്‍ വരികയെന്നാണ് വനം-വന്യജീവി വകുപ്പധികൃതര്‍ നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ വന്യജീവി സങ്കേതത്തിനു പുറത്തുള്ള പ്രദേശങ്ങള്‍ സോണില്‍ ഉള്‍പ്പെടുത്തിയതായി ജനം സംശയിക്കുന്നു. രണ്ട് പഞ്ചായത്തുകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ എത്തിയത്. വാര്‍ഡന്റെ അഭാവത്തില്‍ നിവേദനം ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷാജി പനച്ചില്‍, വി.എല്‍. അജയകുമാര്‍, ടി.വി. അരുണ്‍, പി.പി. തോമസ്, ബിനോയ്, എന്‍.എം. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.