ഏക സിവില്‍കോഡ്: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല – വി.ഡി സതീശന്‍

കൊച്ചി: ഏക സിവില്‍കോഡ് സംബന്ധിച്ച്‌ കോണ്‍ഗ്രസിനോട് നിലപാട് വ്യക്തമാക്കാൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സമസ്തയുമായി ബന്ധപ്പെട്ട ഒരാള്‍ നടത്തിയ അഭിപ്രായം മാത്രമാണത്. സമസ്തയുടെ ഏറ്റവും വലിയ നേതാവായ ജിഫ്രി തങ്ങള്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പൂര്‍ണ വിശ്വാസമാണെന്നും അവരുടെ അനുഭാവത്തോടുകൂടി മാത്രമേ ഏകസിവില്‍ കോഡിനെ നേരിടാൻ പറ്റുകയുള്ളൂവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഞാൻ മറുപടി പറയേണ്ടതില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് ഇക്കാര്യത്തില്‍ ഒരു വ്യക്തതകുറവുമില്ല. ഏക സിവില്‍കോഡ് പ്രായോഗികമല്ലായെന്ന് ആര്‍ക്കാണ് അറിയാൻ പാടില്ലാത്തത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു ഹിന്ദു-മുസ്ലിം വിഷമയാണ് അവര്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഇത് മുസ്ലിം വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. ഹിന്ദുക്കളിലെ തന്നെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ നിരവധി ഗോത്രവിഭാഗങ്ങളെ, അവരുടെ സംസ്കാരങ്ങളെ എല്ലാം ഇല്ലാതാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

കഴിഞ്ഞ മോദി സര്‍ക്കാര്‍ വിഷയം കൊണ്ടുവന്നപ്പോള്‍ ഒരു കാരണവശാലും ഇത് നടപ്പാക്കേണ്ടതില്ല എന്ന് ലോ കമീഷൻ വ്യക്തമാക്കിയിരുന്നു. അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഒരു ഡ്രാഫ്റ്റ് പോലും ആവാത്ത ഒന്നാണ് ഈ ഉയര്‍ത്തികാണിക്കുന്ന ഏകസിവില്‍ കോഡ്. അതുകൊണ്ടാണ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കാളപെറ്റു എന്ന് കേള്‍ക്കുമ്ബോഴേക്ക് കയറെടുക്കേണ്ടതില്ലല്ലോ. ഇതുവന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *